കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതം; യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രമാണെന്നും മറ്റുള്ളവരെ ഇവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും പ്രതികള്‍ സമ്മതിച്ചു. കൃത്യമായ ഗൂഢാലോചനയോട് കൂടിയാണ് യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്തതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

അറസ്റ്റിലായ രാജന്‍ സെബാസ്റ്റിയനാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്. കേസിലെ മറ്റുപ്രതികളെ രാജനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മന്‍സൂര്‍ എന്നയാളാണ് യുവതിയെ ആദ്യം അക്രമിച്ചത്. എതിര്‍ത്തപ്പോള്‍ ഇയാള്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

രാജന്‍ സെബാസ്റ്റിയന്‍ വീട്ടിലെത്തി ഭര്‍ത്താവിന് പണം നല്‍കിയതായി യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് കൂട്ടബലാത്സംഗത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെട്ടത്.

അതിനിടെ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) ആണ് പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിന് പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷന്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ നൗഫല്‍ ഷാ (27), പോത്തന്‍കോട് പാലോട്ടുകോണം കരിമരത്തില്‍ വീട്ടില്‍ അന്‍സാര്‍ (33), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62) എന്നിവരെയാണ് ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തത്.
കഠിനംകുളം സ്റ്റേഷനില്‍വച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നില്‍വെച്ചാണ് ക്രൂരമായ പീഡനത്തിനിരയായത്.

Top