കൊറോണ;കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയും ആശുപത്രി വിട്ടു

കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായ രണ്ടാമത്തെയാളും ആശുപത്രി വിട്ടു. കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെയാണ് തുടര്‍ച്ചയായി രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വിട്ടത്.എങ്കിലും വീട്ടിലെ നിരീക്ഷണം തുടരുന്നതാണ്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഈ വിദ്യാര്‍ത്ഥി. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഈ കുട്ടി നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ആലപ്പുഴയില്‍ ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി ഇതിനോടകം വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

അതേ സമയം കൊറോണ വൈറസ് ബാധിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 68,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ രോഗബാധ കൂടുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. 1700 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചതായും ഇതില്‍ ആറ് പേര്‍ മരിച്ചെന്നും ചൈന അറിയിച്ചു.

Top