കടന്നപ്പള്ളിയോ കെ.ടി ജലീലോ മാറണം . . ജയരാജനെ മന്ത്രിയാക്കണമെന്ന് ആവശ്യം

E.P Jayarajan

തിരുവനന്തപുരം: മന്ത്രിസഭയില്‍ പ്രവര്‍ത്തനം മോശമാണെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ ,കെ.ടി ജലീല്‍ എന്നിവരില്‍ ആരെയെങ്കിലും മാറ്റി ഇ.പി ജയരാജനെ മന്ത്രിയാക്കണമെന്ന് ആവശ്യം.

ഇ.പി ജയരാജനെ അനുകൂലിക്കുന്ന സി.പി.എമ്മിലെ ഒരു വിഭാഗമാണ് ഇത്തരമൊരു ആവശ്യം ഉയര്‍ത്തുന്നത്.

‘പെണ്‍ കെണി’ കേസ് ഇല്ലാതായതോടെ എ.കെ ശശീന്ദ്രനെ മന്ത്രിയാക്കിയ സാഹചര്യത്തില്‍ ഇ.പി ജയരാജന് മന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ എന്താണ് ഇനി തടസ്സമെന്നാണ് ഇവരുടെ ചോദ്യം.

ബന്ധു നിയമന കേസില്‍ കോടതി ജയരാജനെ കുറ്റവിമുകതനാക്കിയ സാഹചര്യത്തില്‍ ഇനി ‘ധാര്‍മ്മികത’ പറയരുതെന്നാണ് വാദം.

ഇടതു മന്ത്രിസഭയില്‍ ഒരു മന്ത്രിയുടെ കാര്യത്തില്‍ ഇല്ലാത്ത ധാര്‍മ്മിക ബോധം മറ്റുള്ളവരുടെ കാര്യത്തില്‍ പറഞ്ഞാല്‍ പൊതു സമൂഹം പുച്ഛിക്കുമെന്നും ഇ.പി ജയരാജന്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു.

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ കെ.ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ , എ.കെ.ശശീന്ദ്രന്‍, കെ.കെ ശൈലജ ടീച്ചര്‍ എന്നീ മന്ത്രിമാര്‍ക്ക് എതിരെയാണ് കൂടുതലും വിമര്‍ശനം ഉയര്‍ന്നിരുന്നത്.

ഇതില്‍ ശൈലജ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായതിനാല്‍ അവരെ മാറ്റുന്നതിന് സംഘടനാപരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തില്‍ മാത്രം മന്ത്രിയായ കെ.ടി.ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ കാര്യത്തില്‍ അങ്ങനെയല്ല. തീരുമാനം മുഖ്യമന്ത്രിക്ക് മിനുട്ടുകള്‍ കൊണ്ട് എടുക്കാവുന്നതേയൊള്ളു.

ഇടത് മുന്നണിയില്‍ കോണ്‍ഗ്രസ്സ് എസ്സിന്റെ ഏക എം.എല്‍.എയും കടന്നപ്പള്ളിയാണ്. ജലീല്‍ ആകട്ടെ സി.പി.എം സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചത്. ജലീലിനെ മാറ്റി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം നേരത്തെയും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിരുന്നു.

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മാത്രമല്ല ജലീലിന്റെ തട്ടകമായ മലപ്പുറം ജില്ലാ സമ്മേളനത്തിലും രൂക്ഷമായാണ് പ്രതിനിധികള്‍ ജലീലിനെ വിമര്‍ശിച്ചിരുന്നത്.

മന്ത്രിസഭാ പുന:സംഘടന ആലോചിക്കുന്നില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സി.പി.എമ്മിലെ കാര്യങ്ങള്‍ ഇപ്പോള്‍ ആ വഴിക്കല്ല.

ഒരു എം.എല്‍.എ ആയി മാത്രം സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജനെ നിര്‍ത്തുന്നത് ശരിയല്ലന്ന വാദത്തിന് പിന്തുണ കൂടി വരികയാണ്.

മന്ത്രിമാരുടെ എണ്ണം കൂട്ടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും താല്‍പ്പര്യം ഇല്ലാത്തതിനാല്‍ ആരെയെങ്കിലും മാറ്റി നിര്‍ത്തി മാത്രമേ ജയരാജനെ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും ഏറെ നിര്‍ണ്ണായകമാകുക.

Top