കടയ്ക്കാവൂര്‍ പോക്‌സോ കേസ്; അമ്മയുടെ ജാമ്യം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

kerala hc

കൊച്ചി: കടയ്ക്കാവൂരില്‍ പോക്‌സോ കേസില്‍ അമ്മയ്‌ക്കെതിരായ കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേസ് ഡയറി പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു.

കുട്ടിയ്ക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടിയുടെ മൊഴികളില്‍ പറയുന്നുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ ഈ മരുന്ന് അമ്മയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഒടുവില്‍ നിലപാടെടുക്കുകയായിരുന്നു.

അതേ സമയം പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയില്‍ വാദിച്ചു. പിതാവിന്റെ സമ്മര്‍ദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് കോടതിയില്‍ അമ്മയുടെ വാദം. കേസില്‍ വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ച ശേഷം നാളെ അമ്മയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയും.

Top