Kadakampally Surendran’s statement against prayar

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റേത് മര്യാദകെട്ട സമീപനമായിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശബരിമലയില്‍ ഉപവാസം നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. വികാരമല്ല, വിചാരമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നയിക്കേണ്ടത്.

ഒരു മുരച്ച വര്‍ഗ്ഗീയ വാദിയുടെ ശബ്ദമാണ് അവലോകന യോഗത്തില്‍ കേട്ടത്. മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുക വഴി മാധ്യമശ്രദ്ധ ആകര്‍ഷിക്കാനാണ് പ്രയാര്‍ ശ്രമിച്ചത്.

ദര്‍ശനത്തിനു പണം വാങ്ങാമെന്നത് നിര്‍ദേശം മാത്രമാണ്. സ്ത്രീപ്രവേശനത്തില്‍ പ്രസിഡന്റ് അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ദര്‍ശനത്തിനു പാസ് ഏര്‍പ്പെടുത്തണമെന്നും തിരക്കു കുറയ്ക്കാന്‍ ക്ഷേത്രം ദിവസവും തുറക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പ്രയാര്‍ തള്ളിയതായിരുന്നു കാരണം.

സന്നിധാനത്തില്‍ വിഐപി ദര്‍ശനം ഒഴിവാക്കണമെന്നും പകരം ‘തിരുപ്പതി മോഡല്‍’ പാസ് ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം വച്ചു.

500 രൂപയുടെയും 1,000 രൂപയുടെയും അതിവേഗ, സൂപ്പര്‍ ഫാസ്റ്റ് ട്രാക് പാസുകള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍, തുടര്‍ന്നു പ്രസംഗിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇതു തള്ളിക്കളഞ്ഞു. ഭഗവാനും ഭക്തനും ഒന്നാകുന്ന സന്നിധാനമാണ് ശബരിമല.

അതിനാല്‍ ദര്‍ശനത്തിനു പാസ് ഏര്‍പ്പെടുത്താന്‍ കഴിയില്ല. അവിടെ നിത്യദര്‍ശനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോടു യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗനിദ്രയിലുള്ള പ്രതിഷ്ഠയാണ് ശബരിമലയിലേത്. അതിനാല്‍ നിത്യദര്‍ശനം പറ്റില്ലെന്നു ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആചാരത്തിനും അനുഷ്ഠാനത്തിനും വിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രയാര്‍ പറഞ്ഞിരുന്നു.

Top