നദ്ദയും രാജ്‌നാഥ് സിംഗും അവഗണിക്കുന്നതില്‍ സംഘര്‍ഷമുണ്ടാക്കരുത്; കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിന്മാറണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തിന്റെ തൊട്ടടുത്ത മണ്ഡലങ്ങളിലെത്തുന്ന ബിജെപി ദേശീയ നേതാക്കള്‍ തന്റെ മണ്ഡലത്തില്‍ എത്താത്തതിന്റെ നിരാശയിലാണ് ബിജെപിയുടെ ക്രിമിനല്‍ സംഘം അക്രമം അഴിച്ചുവിടുന്നതെന്നാണ് ആരോപണം

അസത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് വിജയിക്കാനാകില്ലെന്ന ബോധ്യം വന്നപ്പോള്‍ ആരോ കൊല്ലാന്‍ വരുന്നു എന്നൊക്കെ വിളിച്ചു കൂവുന്ന മനോനില കഴക്കൂട്ടത്തുകാര്‍ക്ക് മനസിലാക്കുമെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സമാധാനപരമായി ജീവിക്കുന്ന കഴക്കൂട്ടത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇന്നലെ രാത്രിയും കഴക്കൂട്ടം അണിയൂരില്‍ ബിജെപിയുടെ ക്രിമിനല്‍ സംഘം ഒരു സി.പി.ഐ.എം പ്രവര്‍ത്തകനെ ഭീകരമായി ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ അഡ്വ. വേണുഗോപാലന്‍ നായരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ബി ജെ പി ദേശീയ അധ്യക്ഷന്‍ ശ്രീ. ജെ.പി നദ്ദയും, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ്‌നാഥ് സിംഗും കഴക്കൂട്ടത്തിന്റെ തൊട്ടടുത്ത മണ്ഡലങ്ങളില്‍ എത്തുമ്പോഴും തന്നെ അവഗണിക്കുന്നതില്‍ കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നിരാശയും പ്രതിഷേധവും ഉണ്ടാകാം. അത് തീര്‍ക്കാന്‍ കഴക്കൂട്ടത്ത് സംഘര്‍ഷം സൃഷ്ടിക്കുകയല്ല വേണ്ടതെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി മനസിലാക്കണം.
അസത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് വിജയിക്കാനാകില്ലെന്ന ബോധ്യം വന്നപ്പോള്‍ ആരോ കൊല്ലാന്‍ വരുന്നു എന്നൊക്കെ വിളിച്ചു കൂവുന്ന മനോനില കഴക്കൂട്ടത്തുകാര്‍ക്ക് മനസിലാകും. കഴക്കൂട്ടത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കത്തില്‍ നിന്ന് ഈ സ്ഥാനാര്‍ത്ഥിയെ പിന്തിരിപ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

 

Top