നാവികന്‍ അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി : ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ നാവികന്‍ അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയിലെ അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അഭിലാഷ് ടോമിക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഇതുസംബന്ധിച്ച് കേന്ദ്രവുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി അഭിലാഷിന്റെ പിതാവ് വിസി ടോമിയെ അറിയിച്ചു.

മന്ത്രിയുടെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്ന് അഭിലാഷിന്റെ പിതാവ് പറഞ്ഞു. ചികിത്സ വിവരങ്ങള്‍ യഥാസമയം അറിയുന്നുണ്ടെന്നും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്നും അഭിലാഷിനെ പിതാവ് മന്ത്രിയെ അറിയിച്ചു

അതേസമയം അഭിലാഷ് ടോമിയെ ചൊവ്വാഴ്ച ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫ്രഞ്ച് മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസിലാണ് ദ്വീപിലെത്തിച്ചത്.

അഭിലാഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സറേ അടക്കമുള്ള കാര്യങ്ങള്‍ ഇവിടെത്തന്നെ ചെയ്യും. അഭിലാഷിനൊപ്പം മത്സരിച്ച ഐറീഷുകാരനായ ഗ്രെഗര്‍ മക്ഗെക്കിനേയും ദ്വീപിലേക്ക് എത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഓസ്ട്രേലിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പിന്നീട് മൗറീഷ്യസിലേക്ക് മാറ്റും. വിമാനം ഇറക്കാനാകുന്ന ഏറ്റവും അടുത്ത പ്രദേശം മൗറീഷ്യസ് ആയതിനാലാണ് അങ്ങോട്ട് മാറ്റുന്നത്. ഇവിടെ നിന്ന് വിമാനമാര്‍ഗം അഭിലാഷിനെ ചെന്നൈയിലെത്തിക്കുമെന്നാണ് വിവരം.

സെപ്റ്റംബര്‍ 21നാണ് തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പെട്ടത്. നടുവിനു പരുക്കുള്ളതിനാല്‍ സ്ട്രെച്ചറില്‍ ചെറുബോട്ടിലേക്കു മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കപ്പലിലെ ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്‍കി. ഒറ്റയ്ക്കു ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി മത്സരത്തില്‍ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. സംഘാടകര്‍ അയച്ച സന്ദേശങ്ങള്‍ക്കു മറുപടി ലഭിക്കാതായതോടെ ആശങ്ക ഉടലെടുത്തിരുന്നു. പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

Top