കടകംപള്ളി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ചു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി ജില്ലാ നേതാക്കളും യുവമോര്‍ച്ചയുടെ മാര്‍ച്ചിന് പിന്തുണയുമായി എത്തിയിരുന്നു.

ബുധനാഴ്ച്ച കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായിരുന്നു. കഴക്കൂട്ടത്തുവച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് മൂന്ന് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ബുധനാഴ്ച രാവിലെ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്നും കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.

Top