കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണെന്നറിയില്ല, വില കുറഞ്ഞ അഭിപ്രായത്തിന് മറുപടി ഇല്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയെ സര്‍ക്കാര്‍ വിനോദസഞ്ചാര കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ലെന്നും ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

അത്തരം അഭിപ്രായങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതുണ്ടോ എന്ന് അറിയില്ല. കാരണം ഇത് തീര്‍ഥാടകരുടെ കേന്ദ്രമാണ്. തീര്‍ഥാടകരാണ് ഇവിടെ വരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷമായി തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സവിശേഷമായ വര്‍ഷമാണ്. അത് നമുക്കെല്ലാം അറിയാം.

ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അല്‍പമെങ്കിലും കൂറോ താല്‍പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വില കുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.

Top