ഓമനക്കുട്ടനെ തെറ്റിദ്ധരിച്ച എല്ലാവര്‍ക്കും വേണ്ടി മാപ്പ് ചോദിക്കുന്നു: കടകംപള്ളി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന വാര്‍ത്തയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെ തെറ്റിദ്ധരിച്ച എല്ലാവര്‍ക്കും വേണ്ടി മാപ്പ് ചോദിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓമനക്കുട്ടനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും കടകംപള്ളി പറഞ്ഞു.

പ്രളയകാലത്ത് തലപ്പൊക്കുന്ന വിഷജീവികളുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടന്‍. ഓമനക്കുട്ടന്റെ ആത്മാഭിമാനത്തില്‍ മുറിവേറ്റതില്‍ വേദനിക്കുന്നു. ആ സഖാവിനെ അഭിവാദ്യം ചെയ്യുന്നു, കടകംപള്ളി വ്യക്തമാക്കി.

അതേസമയം, ഓമനക്കുട്ടന്റെ സസ്പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിച്ചിട്ടുണ്ട്. ക്യാമ്പിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്നും സംഭവത്തില്‍ ഓമനക്കുട്ടന്‍ ഖേദം പ്രകടിപ്പിച്ചെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമാണ് ഓമനക്കുട്ടന്‍.

ഓമനക്കുട്ടനെതിരെ പരാതിയില്ലെന്ന് ക്യാമ്പ് അംഗങ്ങളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടു വരാനുള്ള വണ്ടിക്ക് വാടക നല്‍കുവാന്‍ പിരിവ് നടത്തിയെന്നായിരുന്നു ഓമനക്കുട്ടനെതിരെയുണ്ടായ ആരോപണം.

Top