മാധ്യമപ്രവര്‍ത്തകന്റെ മരണം; കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ മരണത്തില്‍ അനുശോചിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മുഹമ്മദ് ബഷീറിന്റെ അപകടത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബഷീറിന്റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണെന്നും ബഷീറിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് സ്ഥിരീകരിച്ചു. ശ്രീറാമിനും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നോമ്പുതുറക്ക് ക്ഷണിക്കാനെത്തിയ ബഷീറിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. അദ്ദേഹത്തിന്റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം എന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. അപകട മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്.

അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.
ആദരാഞ്ജലികള്‍..

Top