‘അഞ്ജനമെന്നത്‌ ഞാനറിയും മഞ്ഞള്‍പോലെ വെളുത്തിരിക്കും’;ശോഭാ സുരേന്ദ്രനെ ട്രോളി കടകംപള്ളി

kadakampally surendran

തിരുവനന്തപുരം: ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും ശ്രീമതി ശോഭ സുരേന്ദ്രന്‍ മാപ്പ് പറയാന്‍ തയാറാകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാല്‍ ലക്ഷം രൂപ പിഴയടയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച വികൃതമായ ആരോപണങ്ങള്‍ കണക്കിലെടുത്താണ്. മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബി.ജെ.പിക്കാര്‍ക്ക് പുതുമയല്ല. ഇനി ഹര്‍ജി തന്നെ നല്‍കിയിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞേക്കാമെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ ശ്രീമതി ശോഭ സുരേന്ദ്രന്‍ തയാറാകണം. വികൃതമായ ആരോപണങ്ങള്‍ എന്നാണു ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയെ കുറിച്ച് ഹൈക്കോടതി വിലയിരുത്തിയത്. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമര്‍ശനം നിസ്സാരമല്ല.

ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട ഹര്‍ജിയില്‍, വാസ്തവവിരുദ്ധമായ പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നതാണ് ഹൈക്കോടതി വിമര്‍ശനത്തിന് കാരണമെന്നാണ് അറിയുന്നത്. സമൂഹമധ്യത്തില്‍ കുറെ കാലമായി ബി.ജെ.പി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങള്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായത്. മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിച്ച ശോഭ സുരേന്ദ്രന്‍ സമാന ആരോപണങ്ങള്‍ ഉയര്‍ത്തി കേരളമാകെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും മാപ്പ് പറയണം.

കാല്‍ ലക്ഷം രൂപ പിഴയടയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച വികൃതമായ ആരോപണങ്ങള്‍ കണക്കിലെടുത്താണ്. മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബി.ജെ.പിക്കാര്‍ക്ക് പുതുമയല്ല. അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാം. ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ താന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിട്ടിലെന്ന്‍ ഒരു ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഹര്‍ജിയെ നല്‍കിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാം.

“അഞ്ജനം എന്നത് ഞാനറിയും
മഞ്ഞള്‍ പോലെ വെളുത്തിരിക്കും..”

Top