kadakampally surendran – bjp – election

തിരുവനന്തപുരം: വിദ്വേഷത്തിന്റെ രാഷ്ട്രീയം അടിച്ചേല്‍പിച്ച് വോട്ട് തട്ടാനുള്ള ശ്രമമാണ് ബി.ജെ.പി തലസ്ഥാനത്ത് നടത്തുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കാട്ടായിക്കോണത്തെ അക്രമസംഭവങ്ങള്‍ ഇതാണ് കാണിക്കുന്നത്. തലസ്ഥാന നഗരസഭയെ ഇരുട്ടില്‍ നിറുത്തി മാസ്റ്റര്‍പ്ലാന്‍ ഉത്തരവ് പുനരുജ്ജീവിപ്പിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ കാട്ടായിക്കോണം വില്ലേജോഫീസിന് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

ജനവാസയോഗ്യമായ ഇടങ്ങളില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനിടയാക്കുന്ന മാസ്റ്റര്‍പ്ലാനിനെതിരെ 2014ല്‍ കാട്ടായിക്കോണം അടക്കമുള്ള പ്രദേശങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ജനകീയ സമരത്തെ തുടര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാരിന് മരവിപ്പിക്കേണ്ടിവന്നു. സര്‍ക്കാര്‍ ഇറക്കിയ മാസ്റ്റര്‍പ്ലാനിന്റെ ഉത്തരവാദിത്വം നഗരസഭയുടെ മേല്‍ കെട്ടിവച്ച് നുണയുടെ പ്രത്യയശാസ്ത്രം ഇവിടെയും നടപ്പാക്കാന്‍ ബി.ജെ.പി ശ്രമിച്ചു.

ആടിനെ പട്ടിയല്ല, പേപ്പട്ടിയാക്കുകയാണ് ബി.ജെ.പി. രണ്ട് വര്‍ഷം മുമ്പ് മരവിപ്പിച്ച മാസ്റ്റര്‍പ്ലാന്‍ പുനരുജ്ജീവിപ്പിച്ചത് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും സ്ഥലം എം.എല്‍.എയും അനുചരന്മാരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്.

നഗരസഭ ഇതറിയാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. കേരളകൗമുദി അടക്കമുള്ള ചില മാദ്ധ്യമങ്ങള്‍ ഇത് പുറത്ത് വിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വൈകിട്ട് കാട്ടായിക്കോണത്തെ ജനങ്ങള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.

മേയറും താനും അടക്കം ഇതില്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ തിരിച്ച് പോകുമ്പോഴാണ് കാട്ടായിക്കോണത്ത് തെറ്റിദ്ധാരണ പരത്താന്‍ മേയര്‍ക്കെതിരെ പ്രകടനവുമായി ചിലര്‍ വന്നത്. ഉത്തരവുമായി ഒരു ബന്ധവുമില്ലാത്ത മേയറുടെ കോലം കത്തിക്കുന്നതിലെന്ത് സാംഗത്യമാണുള്ളതെന്ന് നാട്ടുകാര്‍ ചോദിച്ചു.

ഈ ചോദ്യം ചെയ്തതിനെതിരെയാണ് വി. മുരളീധരന്റെ നേതൃത്വത്തില്‍ ഒരുസംഘം ആര്‍.എസ്.എസുകാര്‍ ആയുധങ്ങളുമായി എത്തി അക്രമമുണ്ടാക്കിയത്. പൊലീസുദ്യോഗസ്ഥര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

ബി.ജെ.പിയുടെ കുറേ മുന്‍ പ്രസിഡന്റുമാര്‍ ഇപ്പോള്‍ തലസ്ഥാനത്ത് വണ്ടിയിറങ്ങിയിട്ടുണ്ട്. സാധാരണനിലയില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്ന് അവര്‍ക്ക് ബോദ്ധ്യമായിട്ടുണ്ട്. അതിനാലാണ് മുസാഫര്‍പൂരിലെ പോലെ ലഹളകളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് തട്ടാന്‍ ശ്രമിക്കുന്നത്. ഇവരുടെ അക്രമരാഷ്ട്രീയത്തിന് പിന്നില്‍ തലസ്ഥാനജനത തലകുനിക്കില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

Top