കുമ്മനം നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തനിക്കെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്ന് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വാറ്റുകാരുടെ ഡയറില്‍ പേരുണ്ടെന്ന ആരോപണം കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോള്‍ അക്കാര്യം ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ തന്നെ വിലയിരുത്തട്ടെയെന്നും കടകംപള്ളി പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മേയര്‍ ബ്രോ എന്നുവിളിക്കുന്നതില്‍ കെ.മുരളീധരന്‍ എംപിക്ക് അസൂയയാണെന്നും കടകംപള്ളി പരിഹസിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് കഴിഞ്ഞ ദിവസം കുമ്മനം മറുപടി നല്‍കിയിരുന്നത്. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരം എംപിയാവാന്‍ വന്ന കുമ്മനം ഗതികിട്ടാ പ്രേതമായി അലയുകയാണെന്നായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം.

കടിച്ചും പിടിച്ചും കടിപിടി കൂടിയും സ്വത്ത് സമ്പാദിച്ച് അടുത്ത നാലു തലമുറയുടെ ജീവിതവും നാട്ടുകാരുടെ ചെലവില്‍ ആക്കിയ പാരമ്പര്യം എനിക്കില്ല എന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്കൊപ്പം അങ്ങേക്കും അറിവുണ്ടാകുമല്ലോ? എന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. അതു കൊണ്ടാണ് ഒരു കള്ളവാറ്റുകാരന്റേയും മാസപ്പടി ഡയറിയില്‍ എന്റെ പേര് ഉള്‍പ്പെടാഞ്ഞതെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

കൂടെയുള്ളവന്റെ കുതുകാല്‍ വെട്ടിയും അധികാരത്തില്‍ തുടരണമെന്ന കടകംപള്ളിയുടെ വികാരമല്ല തനിക്കെന്നും കുമ്മനം വിമര്‍ശിച്ചു. വി കെ പ്രശാന്തിനെ മാറ്റി ബന്ധുവിനെ മേയറാക്കാന്‍ കടകംപള്ളി ശ്രമിച്ചുവെന്ന് സിപിഎകാര്‍ തന്നെ പറയുന്നുണ്ടെന്നും കുമ്മനം ആരോപിച്ചിരുന്നു.

Top