ശബരിമല മണ്ഡല, മകരവിളക്ക് സീസണിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട : ശബരിമല മണ്ഡല, മകരവിളക്ക് സീസണിന് മുന്‍പ് നിലയ്ക്കലില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തില്‍ തകര്‍ന്ന 123 റോഡുകളുടെ പുനര്‍നിര്‍മാണവും പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 10000 പേര്‍ക്ക് വിരിവെക്കുന്നതിനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുക. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട കുടിവെള്ളവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഉണ്ടാകും. കൂടുതല്‍ സ്ഥലത്ത് വാഹന പാര്‍ക്കിംഗ് ഉറപ്പാക്കും. പ്രളയത്തില്‍ പമ്പയിലും പരിസരത്തും കനത്ത നാശനഷ്ടം ഉണ്ടായ പശ്ചാത്തലത്തില്‍ യുദ്ധകാല അടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. 21 കോടി രൂപ ചെലവില്‍ നടക്കുന്ന പമ്പയുടെ നവീകരണം പൂര്‍ണമായും ദേവസ്വത്തിന്റെ ചുമതലയായിരിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന 123 റോഡുകള്‍ 200 കോടി രൂപ ചെലവില്‍ ഒക്ടോബര്‍ 31ന് മുന്‍പ് പൂര്‍ത്തിയാക്കും. കുടിവെളള വിതരണത്തിന് 6 കോടി രൂപയുടെ പദ്ധതികളുണ്ട് . പ്ലാസ്റ്റിക്ക് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.

Top