വാക്പോര് തുടരുന്നു ; കടകംപളളിയുടേത് നെഗറ്റീവ് പൊളിറ്റിക്സ് ആണെന്ന് കുമ്മനം

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കുമ്മനം രാജശേഖരനും മന്ത്രി കടകംപളളി സുരേന്ദ്രനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജിവെച്ചാണ് കുമ്മനം വര്‍ഗീയ പ്രചാരണത്തിന് ഇറങ്ങിയതെന്നായിരുന്നു കടകംപള്ളി പറഞ്ഞിരുന്നത്.

കടകംപള്ളിയെ പോലെ രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം ജോലി നേടിയ ആളല്ല താനെന്നും സര്‍ക്കാര്‍ ജോലി രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും നേരത്തെ കുമ്മനം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കടകംപള്ളിയുടെ ഫേസ്ബുക്കിലൂടെയുളള പ്രതികരണം.

മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി കുമ്മനം നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. മാറാട് കേസ് ഒതുക്കി തീര്‍ക്കാന്‍ ലീഗുമായി ഒത്തുകളിച്ചെന്നും കടകം പളളി ആരോപിച്ചു.

എന്നാല്‍ കടകംപളളിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞ കുമ്മനം വര്‍ഗീയ വിദ്വേഷമുണ്ടാക്കിയതിന്റെ പേരില്‍ ഇന്നേ വരെ ഒരു കേസ് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. മാറാട് കലാപ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സി.പി.എമ്മും കോണ്‍ഗ്രസുമാണെന്നും കുമ്മനം പറഞ്ഞു. കടകംപളളിയുടേത് നെഗറ്റീവ് പൊളിറ്റിക്സ് ആണെന്നും കുമ്മനം തിരിച്ചടിച്ചു.

Top