ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുള്ളത്; സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി: മരടിലെ ശിവക്ഷേത്രത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യോഗം സംഘടിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുള്ളതാണെന്നും അവിടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മരട് തിരു അയിനി ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങള്‍ തടസ്സപ്പെടുത്തും വിധം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കായികാഭ്യാസങ്ങള്‍ നടത്തുകയും ഭക്തരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം.സംഭവത്തെ തുടര്‍ന്ന് ഭക്തര്‍ നല്‍കിയ പരാതിയില്‍ 30 ആര്‍ എസ് എസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കായികാഭ്യാസവും ശാഖപ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന പരാതി വ്യാപകമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേത്രകമ്മിറ്റിയെ മുഖവിലയ്ക്ക് എടുക്കാതെയും ഭക്തരെയും സ്ഥലവാസികളെയും ഭീഷണിപ്പെടുത്തിയും ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചാല്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദീപാരാധന അടക്കമുള്ള ക്ഷേത്രച്ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് ശാഖ നടത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. ക്ഷേത്രങ്ങള്‍ ആരാധനയ്ക്ക് ഉള്ളതാണെന്നും, അവിടെ ഇത്തരം സാമൂഹ്യവിരുദ്ധ സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നത് ഭക്തരോടുള്ള വെല്ലുവിളി കൂടിയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

Top