അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് അക്രമം നടത്തിയത്; കടകംപള്ളി

kadakampally surendran

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കാര്‍ തെറിവിളി നടത്തിയാല്‍ അക്രമം അവസാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനായി എത്തിയ വനിതാ റിപ്പോര്‍ട്ടര്‍ക്കും സംഘത്തിനും നേരെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയിലെ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് ശബരിമലയില്‍ എത്തിയത്.

അന്‍പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനിയും സംഘവും രാവിലെ എട്ട് മണിയോടെ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്. മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ സുഹാസിനിയെ വളയുകയും തിരിച്ചു പോകണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ മോശം ഭാഷ ഉപയോഗിച്ച് സുഹാസിനിയെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ സുഹാസിനിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അധിക്ഷേപവും അസഭ്യവര്‍ഷവും തുടര്‍ന്നതോടെ സുഹാസിനി തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തന്നെ ഒരു കൂട്ടം അക്രമികള്‍ കൈയേറ്റം ചെയ്തുവെന്ന് സുഹാസിനി പൊലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top