Kadakampalli case; CBI supported Salim Raj

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലിംരാജ് അടക്കം 22 പേരെ ഒഴിവാക്കിയ നിലപാടിലുറച്ച് സിബിഐ വീണ്ടും. ഇന്നലെ കേസുമായി ബന്ധപ്പെട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന കുറ്റപത്രം അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി തിരിച്ചയച്ചിരുന്നു. എന്നാല്‍ 27 പ്രതികളില്‍ നിന്നും 22 പേരെ ഒഴിവാക്കിയ നടപടിയെ ശരിവെച്ച് തന്നെയാണ് സിബിഐ വീണ്ടും കോടതിയില്‍ എത്തുക.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായ സലിംരാജ് അടക്കം 22 പേരെ ഒഴിവാക്കിയ കുറ്റപത്രത്തില്‍ തിരുത്തലുകള്‍ വരുത്തില്ല. ഒഴിവാക്കിയതിനുളള കാരണങ്ങള്‍ കോടതിയെ അറിയിക്കും. ഇത് വ്യക്തമാക്കി രണ്ടു ദിവസത്തിനകം സിജെഎം കോടതിയില്‍ അധിക കുറ്റപത്രം സമര്‍പ്പിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് കുറ്റപത്രങ്ങളാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് സലിംരാജ് പ്രതിയായിട്ടുളളത്.

സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കിയെന്നും എന്നാല്‍ ഇതിനുളള കാരണം സിബിഐ വ്യക്തമാക്കിയിട്ടില്ലെന്ന് പറഞ്ഞാണ് കുറ്റപത്രം കോടതി ഇന്നലെ തിരിച്ചയച്ചത്. സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേരായിരുന്നു കേസിലെ പ്രതികള്‍. തുടര്‍ന്ന് സിബിഐക്കേറ്റ കനത്ത തിരിച്ചടിയാണ് കുറ്റപത്രം മടക്കിയ കോടതി നടപടിയെന്ന് ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു.

ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരെ പ്രതികളാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് പ്രതികള്‍. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാനായി അഡീഷണല്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയിരുന്നു.

കേസില്‍ 21ാം പ്രതിയായിരുന്നു സലിംരാജ്. കടകംപള്ളി വില്ലേജിലെ 400ല്‍ അധികം കുടുംബങ്ങളുടെ 44.5 ഏക്കര്‍ ഭൂമി തണ്ടപ്പേര് തിരുത്തി സ്വന്തമാക്കി എന്നാണ് കേസ്. 14 കോടിയുടെ തട്ടിപ്പ് ഇതുമായി ബന്ധപ്പെട്ട് നടന്നെന്നും തണ്ടപ്പേര് മാറ്റുന്നതിനായി മാത്രം 60 ലക്ഷത്തോളം രൂപ ചെലവഴിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു.

Top