ശബരിമല യുവതീപ്രവേശം; കടകംപള്ളിയുടെ നിലപാട് തള്ളി സി.പി.എം പോളിറ്റ് ബ്യൂറോ

kadakampally-surendran

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപുരുഷ ലിംഗസമത്വം വേണമെന്നും, ക്ഷേത്രത്തിലേക്ക് ആരെയും ബലം പ്രയോഗിച്ച് കയറ്റിലെന്നും നിലപാടെടുത്ത് സി.പി.എം പോളിറ്റ് ബ്യൂറോ. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് പോളിറ്റ് ബ്യൂറോ ഈ നിലപാടെടുത്തത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഒരു വര്‍ഷമായി പിന്തുടരുന്ന നയം തന്നെ ഇനിയും തുടരുമെന്നും ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചും പി.ബി അഭിപ്രായപ്പെട്ടു.

ആക്ടിവിസ്റ്റുകള്‍ക്ക് ആക്ടിവിസം കാണിക്കുന്നതിന് വേണ്ടിയുള്ള ഇടമല്ല ശബരിമല എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിലാണ് പി.ബിക്ക് അതൃപ്തിയുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ആക്ടിവിസ്റ്റുകളുടേതാണെന്നും കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന അനാവശ്യമാണെന്നുമാണ് പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതാകണം പാര്‍ട്ടിയുടെ നിലപാടെന്നും പി.ബി നിര്‍ദ്ദേശിച്ചു.

അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ബിയില്‍ വിശദീകരണം നല്‍കി. പൊലീസാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും വിഷയം നിയമപരമായി സര്‍ ക്കാരിന് മുന്നിലെത്തുമ്പോള്‍ ഉചിതമായി നടപടി എടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. അതേസമയം യു.എ.പി.എ. കരിനിയമം തന്നെയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പി.ബി വ്യക്തമാക്കി.

Top