കാബൂള്‍ സ്ഫോടനം; അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

ജനീവ: കാബൂള്‍ വിമാനത്താവളത്തിന് സമീപം നടന്ന ചാവേറാക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

അഫ്ഗാനിലെ നിലിവലെ മാറിവരുന്ന സ്ഥിതിഗതികളെയാണ് ഇവ വ്യക്തമാക്കുന്നതെന്നും അതേസമയം അഫ്ഗാന്‍ ജനതയ്ക്ക് ലോകമെമ്പാടു നിന്നും അടിയന്തര സഹായം എത്തിക്കാന്‍ സാധിക്കുന്നത് തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും ഗുട്ടറസിനെ ഉദ്ധരിച്ച് യുഎന്‍ വക്താവ് സ്റ്റെഫെയ്ന്‍ ഡുജാരിക് പറഞ്ഞു.

ആക്രമണത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ യുഎന്‍ ശേഖരിച്ചു വരികയാണെന്നും അതേസമയം യുഎന്‍ സ്റ്റാഫുകള്‍ക്ക് ആക്രമണം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് സമീപം നടന്ന ഇരട്ട സ്ഫോടനത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുഎസിന്റെ ഔദ്യോഗിക വിവരമനുസരിച്ച് ആക്രമണത്തില്‍ 13 യുഎസ് സൈനികരും കൊല്ലപ്പെട്ടത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്താവളത്തിലെ പ്രധാന കവാടമായ ആബെ ഗേറ്റിന് മുന്നിലാണ് ആദ്യ സ്‌ഫോടനം നടന്നത്. മരണ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

 

 

 

Top