kabali over all record in film industry

സ്‌റ്റൈല്‍മന്നന്‍ രജനികാന്ത് നായകനായ കബാലി എന്ന സിനിമയുടെ പടയോട്ടത്തില്‍ തകര്‍ന്നു വീണത് ബോളിവുഡിലെ അമീര്‍ ഖാന്റേയും സല്‍മാന്‍ ഖാന്റേയും റെക്കാഡുകള്‍.

ജൂലായ് 22ന് ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം തീയേറ്ററുകളില്‍ റിലീസ് ചെയ്ത കബാലി ആഴ്ചാവസാനം മാത്രമല്ല, പ്രവൃത്തി ദിനങ്ങളിലും വിജയത്തേരോട്ടം തുടരുകയാണ്.

സല്‍മാന്‍ ഖാന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ സുല്‍ത്താന്‍ എന്ന സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷന്‍ റെക്കാഡ് നിഷ്പ്രയാസമാണ് കബാലി മറികടന്നത്. ആഴ്ചവസാനത്തെ കളക്ഷനിലും സുല്‍ത്താനെ ഈ ‘പ്രജ’ അരിഞ്ഞു വീഴ്ത്തി.

ആദ്യ നാലു ദിവസം കൊണ്ട് കബാലി നേടിയത് 115 കോടിയാണ്. സിനിമ തീയേറ്ററില്‍ എത്തിയതിനു ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ചയിലും കബാലി കാണാന്‍ ഒഴുക്കായിരുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം 50 കോടി വാരിയ, എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന സിനിമയുടെ റെക്കാഡ് മാത്രമാണ് കബാലിക്ക് മറികടക്കാന്‍ കഴിയാതെ പോയത്.

ആഴ്ചാവസാനം ഏറ്റവും കൂടുതല്‍ പണം നേടിയ ആമിര്‍ ഖാന്‍ നായകനായ ധൂം 3യുടെ റെക്കാഡും കബാലി പഴങ്കഥയാക്കി. ഇതുവരെ കബാലി നേടിയത് 415 കോടി രൂപയാണ്.

ഇതില്‍ 215 കോടി ടിക്കറ്റ് വില്‍പനയില്‍ നിന്നുമാണ്. റിലീസിനു മുമ്പേ സാറ്റലൈറ്റ് റൈറ്റ്, വിതരണാവകാശം എന്നിവയിലൂടെ 223 കോടിയും നേടിയിട്ടുണ്ട്.

അമേരിക്കയിലെ നാനൂറോളം തീയേറ്ററുകളിലും മറ്റുവിദേശ രാജ്യങ്ങളിലുമായി ആദ്യ ആഴ്ച 90 കോടി രൂപ കബാലി നേടിയതായി നിര്‍മാതാവ് കലൈപുലി എസ്.ധനു പറഞ്ഞു. ഇതില്‍ 28 കോടിയും അമേരിക്കയില്‍ നിന്നാണ്.

ആദ്യത്തെ പത്ത് സിനിമകളുടെ പട്ടികയിലും കബാലി ഇടം പിടിച്ചു.75 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. ഇതില്‍ 50-60 കോടി വരെ രജനിക്ക് ലഭിക്കും. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ താരതമ്യേന ചെലവ് കുറച്ചാണ് നിര്‍മിച്ചിരിക്കുന്നതും.

ചിത്രത്തിന്റെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ളവരെല്ലാം യുവാക്കളാണ്. ചെന്നൈ, മലേഷ്യ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. സിനിമയില്‍ ഉപയോഗിച്ച ആഡംര കാറുകളെല്ലാം തന്നെ അവിടങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ സൗജന്യമായി നല്‍കിയതായിരുന്നു.

ബില്ല, ബാഷ, ദളപതി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗാങ്സ്റ്റര്‍ പരിവേഷത്തില്‍ വെള്ളിത്തിരയില്‍ തീ തുപ്പുന്ന തോക്കുമായാണ് കബാലിയെ രജനി അവിസ്മരണീയമാക്കിയിരിക്കുന്നത്. ജ്യൂട്ടിന്റെ സ്യൂട്ടണിഞ്ഞുള്ള രജനിയുടെ വേഷം ഏവരേയും അമ്പരിപ്പിക്കുന്നതാണ്. രാധികാ ആപ്‌തേയാണ് ചിത്രത്തിലെ നായിക.

ധന്‍സിക, കിഷോര്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളും അഭിനയിച്ചിരിക്കുന്നു.സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും പ്രേക്ഷകര്‍ക്ക് കഴ്ചി (പെരുത്ത് സന്തോഷം) നല്‍കി പടം മുന്നേറുകയാണ്. ഒപ്പം ‘നാം വന്തിട്ടേന്ന് സൊല്ല്. തിരുന്പി വന്തിട്ടേണ്ണ്, 25 വര്‍ഷത്തുക്കു മുന്നാടി എപ്പടി പോനേനോ, കബാലി അപ്പടിയേ തിരുന്പി വന്നിട്ടേണ്ണ് സൊല്ല്… കബാലി ഡാ’ എന്ന രജനിയുടെ ഹിറ്റ് ഡയലോഗും ആരാധകര്‍ ഏറ്റു ചൊല്ലുന്നു.

Top