kabali new records

റെക്കോര്‍ഡുകളിലേക്കുള്ള പടയോട്ടമാണ് രജനിയുടെ ‘കബാലി’ നടത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ ചിത്രം വാരിക്കൂട്ടിയത് 200 കോടി രൂപ. എല്ലാ സംസ്ഥാനങ്ങളിലെയും തിയറ്റര്‍ വിതരണാവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി. കര്‍ണാടകയില്‍ നിര്‍മാതാവ് റോക്ലിന്‍ വെങ്കിടേഷ് റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണം സ്വന്തമാക്കിയിരിക്കുന്നത്. തിങ്ക് മ്യൂസിക് ആണ് ഓഡിയോ അവകാശം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വലിയ തുകയ്ക്ക് കരാര്‍ ഉറപ്പിച്ച് കഴിഞ്ഞു. ഹിന്ദി പതിപ്പിന്റെ അവകാശത്തിനായി ബോളിവുഡിലെ രണ്ട് പ്രമുഖ വിതരണക്കാര്‍ ചെന്നൈയില്‍ തമ്പടിച്ചിരിക്കുകയാണ്. ജനിയുടെ അവസാന ചിത്രമായ ‘ലിംഗ’യ്ക്ക് വിതരണാവകാശവും സാറ്റലൈറ്റ് റൈറ്റ്‌സും വിറ്റതില്‍നിന്നുമാത്രം 150 കോടിയിലേറെയാണ് സമാഹരിക്കാനായത്. ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രീറിലീസ് ബിസിനസില്‍ പുതിയ റെക്കോര്‍ഡ് രചിക്കും ‘കബാലി’യെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

തമിഴ്‌നാടിന് പുറത്ത് നിന്നുള്ള വിതരണത്തില്‍ നിന്ന് മാത്രം ചിത്രത്തിന്റെ നാല്‍പ്പത് ശതമാനത്തോളം വരുമാനം നേടിക്കഴിഞ്ഞതായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു തെന്നിന്ത്യന്‍ താരം സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള വിതരണത്തില്‍ നിന്നുമാത്രം ഇത്രമാത്രം വരുമാനം നേടുന്നതും ഇതാദ്യമായാണ്. ചെന്നൈയിലെ ചെങ്കല്‍പേട്ട് ഭാഗത്തെ വിതരണത്തിന് മാത്രം മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ 16 കോടിയാണ് കബാലിക്ക് വാഗ്ദാനം ചെയ്തത്.

രണ്ട് കോടിയിലേറെ ക്ലിക്കുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ സിനിമ ടീസര്‍ എന്ന ഖ്യാതിയും കബാലി സ്വന്തമാക്കിക്കഴിഞ്ഞു. 28 ദിവസം കൊണ്ടാണ് ടീസര്‍ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതല്‍ ഭാഷയില്‍ വിവിധ രാജ്യങ്ങളില്‍ ഒരുമിച്ചിറങ്ങുന്ന ഏക സിനിമയെന്ന റെക്കോര്‍ഡും കബാലിയ്ക്കായിരിക്കും. 5000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ജൂലൈ ഒന്നിന് ചിത്രം റിലീസാവുമെന്ന് പ്രതീക്ഷിക്കുന്നു.

Top