kabali loss venture tamil nadu

ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റായ രജനികാന്തിന്റെ കബാലി തമിഴ്‌നാട്ടില്‍ നഷ്ടമായിരുന്നെന്ന് റിപ്പോര്‍ട്ട്. ചിത്രം മൂലം തമിഴ്‌നാട്ടിലെ വിതരണക്കാര്‍ക്ക് 20 ശതമാനം നഷ്ടം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

68 കോടി രൂപയ്ക്കായിരുന്നു കബാലിയുടെ വിതരണാവകാശം ജാസ് സിനിമാസ് തമിഴ്‌നാട്ടില്‍ സ്വന്തമാക്കിയത്.

കബാലി ഇത്ര വലിയ തുകയ്ക്ക് വില്‍ക്കാന്‍ കാരണം തന്നെ നിര്‍മാതാവായ താനുവിന്റെ പിടിവാശിയായിരുന്നു. വിതരണം സ്വന്തമാക്കിയ ജാസ് സിനിമാസ് തമിഴ്‌നാട്ടിലെ മറ്റുവിതരണക്കാര്‍ക്ക് ചിത്രം വലിയ തുകയ്ക്ക് കൊടുക്കുകയും ചെയ്തു.

കബാലിയിലൂടെ നഷ്ടമായ വിതരണ തുക താനു തന്നെ തിരിച്ചു തരണമെന്ന നിലപാടിലാണ് ഇപ്പോള്‍ വിതരണക്കാര്‍. മാത്രമല്ല കബാലിയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ വിതരണക്കാര്‍ക്ക് കനത്ത നഷ്ടം വരുത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കര്‍ണാടകയില്‍ നിര്‍മാതാവ് റോക്ലിന്‍ വെങ്കിടേഷ് പത്ത് കോടി രൂപക്കാണ് വിതരണം ഏറ്റെടുത്തത്. 15.5 കോടി മുടക്കിയാണ് ഹിന്ദിയില്‍ ഫോക്‌സ് സ്റ്റാര്‍ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയത്.

ആദ്യ ദിവസം അഞ്ചുകോടി രൂപ കളക്ഷന്‍ നേടി. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ അഭിപ്രായം മോശമായപ്പോള്‍ തീയേറ്ററുകളില്‍ ആളുകള്‍ കയറാതായി. ഹിന്ദിയില്‍ ചിത്രം വലിയ നഷ്ടമായിരുന്നു.

കേരളത്തില്‍ കബാലി വിതരണം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. മോഹന്‍ലാല്‍ 7.5 കോടി രൂപയ്ക്കാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കബാലി കേരളത്തില്‍ ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ട്.

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ ചിത്രം വാരിക്കൂട്ടിയത് 223 കോടി രൂപയാണ്. എന്നാല്‍ ഇങ്ങനെയൊരു ബിസിനസ് നടക്കുമ്പോള്‍ നഷ്ടം പറ്റുന്നത് വിതരണക്കാര്‍ക്ക് മാത്രമാണ്.

നേരത്തെ ലിങ്ക, കൊച്ചടൈയാന്‍ എന്നീ ചിത്രങ്ങളിലൂടെ വമ്പന്‍ നഷ്ടമായിരുന്നു ഇവര്‍ക്ക് സംഭവിച്ചത്. തുടര്‍ന്ന് നിരാഹാരം കിടന്നാണ് വിതരണക്കാര്‍ തങ്ങള്‍ക്ക് നഷ്ടം വന്ന തുക തിരികെ നേടിയത്.

Top