ഇന്ത്യന്‍ ടീം കബഡി ടൂര്‍ണമെന്റിനായി പാകിസ്ഥാനില്‍; വിവാദം കനക്കുന്നു

ന്യൂഡല്‍ഹി: അധികൃതരുടെ അനുവാദമില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ കബഡി ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോയതില്‍ വിവാദം കനക്കുന്നു.കായിക മേഖലയില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരുവിധ ബന്ധവും നിലവിലില്ലാത്ത സാഹചര്യത്തില്‍, ആരെയും അറിയിക്കാതെയുള്ള ടീമിന്റെ യാത്ര അംഗീകരിക്കാനാവില്ലെന്നും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നുമാണ് കായിക മന്ത്രാലയത്തിന്റെ നിലപാട്.

വിജയികൾക്കുള്ള ഭീമമായ സമ്മാനത്തുക കണ്ടാവാം താരങ്ങൾ ടൂർണമെന്റിനു പോയതെന്നാണു ദേശീയ കബഡി ഫെഡറേഷന്റെ നിഗമനം.

60 അംഗ സംഘമാണ് കഴിഞ്ഞ ദിവസം വാഗാ അതിര്‍ത്തി വഴി കബഡി ടൂര്‍ണമെന്റിനായി പാകിസ്ഥാനിലെത്തിയത്.ലോക കബഡി ചാമ്പ്യന്‍ഷിപ്പിനെത്തിയ ഇന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നാണ് വിവരം.

പഞ്ചാബില്‍ നിന്നുള്‍പ്പെടെ 60ലധികം താരങ്ങളാണ് മത്സരത്തിനായി പാകിസ്ഥാനിലേക്ക് പോയത്. ഭീമമായ സമ്മാന തുകയാണ് ഇവരെ പാകിസ്ഥാനിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് എന്നാണ് കബഡി ഫെഡറേഷന്‍ വിലയിരുത്തുന്നത്. ഒന്നാം സമ്മാനമായി ഒരു കോടിയും രണ്ടാം സമ്മാനമായി 75 ലക്ഷവുമാണ് സമ്മാന തുകകള്‍.

മൂംബൈ ഭീകരാക്രമണ ശേഷം പാകിസ്ഥാനില്‍ നടക്കുന്ന എല്ലാവിധ കായിക മത്സരങ്ങളും ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് കബഡി താരങ്ങളുടെ അനുമതി കൂടാതെയുള്ള പാക് സന്ദര്‍ശനം. മാത്രമല്ല 60 ല്‍ അധികം താരങ്ങള്‍ക്ക് ഒരുമിച്ച് പാകിസ്ഥാന്‍ വിസ ലഭിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിലാണ് വിദേശകാര്യ മന്ത്രാലയം.

Top