തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം ; നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് കാനം

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഒരു നിയമവും ഒറ്റരാത്രികൊണ്ട് നടപ്പാവില്ലെന്നും, ആരോപണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം അറിയിച്ചു.

കയ്യേറ്റം തെളിയിക്കാന്‍ വെല്ലുവിളി മുഴക്കിയ തോമസ് ചാണ്ടിയും കാനവും ഇന്നലെ മുതല്‍ക്കേ പരോക്ഷ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു. മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു മന്ത്രി തോമസ് ചാണ്ടി ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലെ പ്രസംഗത്തില്‍, കയ്യേറ്റം തെളിയിക്കാന്‍ വെല്ലുവിളി മുഴക്കിയ ശേഷമായിരുന്നു ഇത്. യാത്ര വെല്ലുവിളികള്‍ക്കുള്ള വേദിയല്ലെന്നു പ്രസംഗത്തില്‍ സൂചിപ്പിച്ച സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അതൃപ്തി തുടര്‍ന്നും പ്രകടിപ്പിച്ചു.

ഇത്തരം വേദിയിലെ വെല്ലുവിളിയുടെ ഔചിത്യം തോമസ് ചാണ്ടി തീരുമാനിക്കുമെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും കാനം പിന്നീടു വിശദീകരിച്ചിരുന്നു.

Top