ഷോലെയിലെ ‘കാലിയ’ വിജു ഖോട്ടെ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ വിജു ഖോട്ടെ അന്തരിച്ചു. 78വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

ഹിന്ദിയിലും മറാത്തിയിലുമായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച വിജു ഖോട്ടെയുടെ ‘ഷോലെയിലെ’ ‘കാലിയ’ എന്ന കൊള്ളക്കാരന്റെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷോലെയിലെ കൊള്ളക്കാരന്‍ കാലിയക്ക് പുറമെ അന്ദാസ് അപ്ന അപ്നയിലെ റോബര്‍ട്ട് എന്ന വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.

ഖയാത്ത് സെ ഖയാമത്ത് തക്ക്, വെന്റിലേറ്റര്‍ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏറെക്കാലം മറാത്തി നാടകവേദിയില്‍ സജീവമായി നിന്ന ശേഷമാണ് ചലച്ചിത്രരംഗത്തെത്തിയത്. ടെലിവിഷന്‍ ഷോയായ സബാനിലും അഭിനയിച്ചിട്ടുണ്ട്.

നിശബ്ദ സിനിമയുടെ കാലത്ത് സജീവമായിരുന്ന നടന്‍ നന്ദു ഖോട്ടെയുടെ മകനാണ്. നടി ശുഭ ഖോട്ടെ സഹോദരിയാണ്.

Top