പുനലൂര്‍ നഗരസഭ ചെയര്‍മാനായി അഡ്വ.കെ.എ. ലത്തീഫ്‌

പുനലൂര്‍: പുനലൂര്‍ നഗരസഭ ചെയര്‍മാനായി സി.പി.എമ്മിലെ അഡ്വ.കെ.എ. ലത്തീഫിനെ തെരഞ്ഞെടുത്തു. 35 അംഗ കൗണ്‍സിലില്‍ ലത്തീഫിന് 20 വോട്ടും എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ നെല്‍സണ്‍ സെബാസ്റ്റ്യന് 15 വോട്ടുമാണ് ലഭിച്ചത്.

വെള്ളിയാഴ്ച നഗരസഭ കൗണ്‍സില്‍ ഹാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. 35 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിന് 20ഉം യു.ഡി.എഫിന് 15ഉം കൗണ്‍സിലര്‍മാരുമാണുള്ളത്. എല്‍.ഡി.എഫ് ധാരണപ്രകാരം സി.പി.ഐയിലെ കെ. രാജശേഖരന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വരണാധികാരി പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡി.എഫ്.ഒ അനില്‍ ആന്റണി പുതിയ ചെയര്‍മാന് സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭയുടെ 22ാമത് ചെയര്‍മാനാകുന്ന ഗ്രേസിങ് ബ്ലോക്ക് ധന്യയില്‍ കെ.എ. ലത്തീഫ് (71) നിലവില്‍ കലയനാട് വാര്‍ഡ് കൗണ്‍സിലറാണ്. നാലുതവണയായി 22 വര്‍ഷം കൗണ്‍സിലറായിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. ഭാര്യ: നസീമബീവി. മക്കള്‍: ധന്യ (സൊസൈറ്റി സെക്രട്ടറി), ഫിറോസ് (എന്‍ജിനീയര്‍).

Top