‘ജലീലാണ് രാജിവയ്ക്കേണ്ടത്’; പ്രതിഷേധം തുടരുമെന്നും പി.കെ.ഫിറോസ്

firoze

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലാണ് രാജിവയ്‌ക്കേണ്ടതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിനെതിരായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്ന് ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജി കത്ത് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് കഴിഞ്ഞ മാസമാണ് കെ.ടി. അദീബ് നിയമിതനാകുന്നത്. 2016 ഓഗസ്റ്റില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുക്കാതെയാണ് സ്ഥാനത്തേക്ക് എത്തിയത്. അഭിമുഖത്തിനെത്തിയ മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ബന്ധുവായ അദീബിനെ നിയമിക്കുന്നത്.

നേരത്തെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഉണ്ടായിരുന്ന യോഗ്യതകളില്‍ മാറ്റം വരുത്തി ബിടെകും പിജിഡിബിഎ കൂടി ചേര്‍ത്താണ് അപേക്ഷ ക്ഷണിച്ചത്. മന്ത്രി ബന്ധുവായ കെ.ടി. അദീബിന് മാത്രമായിരുന്നു അപേക്ഷകരില്‍ ഈ യോഗ്യത ഉണ്ടായിരുന്നത്. എന്നാല്‍ അദീബ് നേടിയ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യത നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ അദീബിന്റെ നിയമനം വിവാദമായിരുന്നു.

വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.

അതേസമയം, കോടതിയോ അന്വേഷണ ഏജന്‍സികളോ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാത്രം ജലീലിനെതിരേ നടപടി ആലോചിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. ജലീലിനു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

Top