സ്വപ്നയുടെ ഹ‍‍ര്‍ജി തള്ളിയ കോടതി വിധി വി.ഡി സതീശന് സമർപ്പിക്കുന്നു; കെ.ടി ജലീൽ

തിരുവനന്തപുരം: സ്വപ്‍ന സുരേഷിന്റെ ഹർജി തള്ളിയ വിഷയത്തിൽ പ്രതികരിച്ച് കെടി ജലീൽ എംഎൽഎ. കോടതി വിധി പ്രതിപക്ഷ നേതാവ് വി ഡി സതീശനും തന്നെ പരിഹസിച്ചവർക്കും സമർപ്പിക്കുന്നതായി കെ.ടി.ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മാധ്യമ പ്രവർത്തകരെയും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച “ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു” കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം.

ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു.

Top