ഹര്‍ത്താലിന് വര്‍ഗീയനിറം നല്‍കി; ലീഗിന് ചുട്ട മറുപടിയുമായി മന്ത്രി കെ ടി ജലീല്‍

മലപ്പുറം: ഹര്‍ത്താലിന് വര്‍ഗീയ നിറം നല്‍കിയെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. താനൂരിലെ ഹര്‍ത്താലില്‍ തകര്‍ന്ന ചില കടകള്‍ മാത്രം സന്ദര്‍ശിച്ച് കെ ടി ജലീല്‍ വര്‍ഗീയ നിറം നല്‍കിയെന്നായിരുന്നു മുസ്ലിം ലീഗിന്റെ ആരോപണം. ഇതേത്തുടര്‍ന്ന്‌ ജലീല്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുവന്നിരുന്നു. ഇതിന് വെല്‍ഫെയര്‍ പാര്‍ട്ടിക്കും ബിജെപിക്കും ഒരേ നിറവും സ്വരവുമാണെന്നായിരുന്നു ജലീല്‍ നല്‍കിയ മറുപടി.

താനൂരിലെ കെ.ആര്‍ ബേക്കറി മാത്രം സന്ദര്‍ശിച്ചതിന്റേയും അതു പുനസ്ഥാപിക്കാന്‍ പണം പിരിച്ചെടുത്തതിന്റേയും കാരണവും ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. താനൂരില്‍ പൂര്‍ണ്ണമായും തകര്‍ന്ന രണ്ട് കച്ചവട സ്ഥാപനങ്ങളേയുളളു. ഒന്ന് കെ.ആര്‍ ബാലന്റെ കെ.ആര്‍ ബേക്കറിയും ചന്ദ്രന്റെ പടക്കക്കടയും.

ബിജെപിയും സംഘപരിവാരങ്ങളും ബാലേട്ടന്റെ ബേക്കറിയും ചന്ദ്രേട്ടന്റെ പടക്കക്കടയും പൂര്‍ണ്ണമായും തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്, കലാപത്തിന് കോപ്പ് കൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും ശ്രമിക്കുന്നതിനിടയിലാണ് താന്‍ താനൂരിലെത്തുന്നതെന്നാണ് ജലീല്‍ പറയുന്നത്.

അതേ സമയം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉറഞ്ഞ് തുള്ളല്‍ എന്തിന് വേണ്ടിയായിരുന്നുവെന്നും വല്ല കുഴപ്പവും പെറ്റുവീണ നാട്ടിലുണ്ടായാല്‍ ‘ഹുകൂമത്തേ ഇലാഹി’ യുടെ (ദൈവീക ഭരണക്രമം നിലനില്‍ക്കുന്ന) നാടുകളിലേക്ക് ‘ഹിജ്‌റ’ അഥവാ പലായനം നടത്താന്‍ ജമാഅത്തേ ഇസ്‌ലാമിക്ക്‌ മാത്രമേ കഴിയൂവെന്നും ജലീല്‍ പറയുന്നു.

ലീഗിന്റെ മനപ്രയാസം ലീഗിനെ അടുത്തറിയുന്നവര്‍ക്ക് എളുപ്പം മനസ്സിലാക്കാനാകും. അവര്‍ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം അവരെക്കാള്‍ കാര്യക്ഷമമായി യഥാസമയത്ത് യാഥാര്‍ഥ്യമാക്കാന്‍ ‘മുസ്ലിം വിരുദ്ധരെന്ന്’ ലീഗ് നാഴികക്ക് നാല്‍പത് വട്ടം ആരോപിക്കുന്നവര്‍ക്ക് സാധിച്ചത് അത്ര പെട്ടെന്ന് സമുദായ സംഘടനക്ക് ദഹിക്കാനിടയില്ല. ആ ഈര്‍ഷ്യം ലീഗ് സ്‌നേഹിതന്‍മാര്‍ കരഞ്ഞ് തീര്‍ത്തല്ലേ പറ്റുവെന്നും ജലീല്‍ പറയുന്നു.

തങ്ങളുടെ ഇടപെടല്‍ എങ്ങിനെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ പ്രചരിപ്പിക്കും പോലെ മലപ്പുറത്തിന് അപകീര്‍ത്തികരമാവുക എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും ജലീല്‍ പറയുന്നു

Top