കെ.ടി ജലീലിനെ കുരുക്കാന്‍ നടന്ന് സ്വയം കുരുങ്ങി യൂത്ത് ലീഗ് നേതാവ് !

മലപ്പുറം:ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് വഴി തടയുന്നതടക്കമുള്ള കടുത്ത സമരം ആരംഭിച്ച യൂത്ത് ലീഗിന്, സംഘടനയുടെ ശക്തികേന്ദ്രമായ മലപ്പുറത്ത് പീഢനക്കുരുക്ക്. യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായ അധ്യാപകന്‍ ഹഫ്‌സല്‍ റഹ്മാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഢിപ്പിച്ചെന്ന പരാതിയില്‍ ചെമ്മന്‍കടവ് പിഎംഎസ്.എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

സ്‌കൂളിലെ ഉര്‍ദു അധ്യാപകനായ ഹഫ്‌സല്‍ റഹ്മാനെതിരെ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തുവരികയായിരുന്നു. 19 പെണ്‍കുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സ്‌കൂളില്‍നിന്നും സസ്‌പെന്റ് ചെയ്തതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജി പ്രസാദ് പറഞ്ഞു. സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും എംഎസ്എഫിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായിരുന്നു ഹഫ്‌സല്‍ റഹ്മാന്‍.

വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്താവുന്ന പരാതികളാണ് ലഭിച്ചതെന്നും ഇതിന്റെ ഭാഗമായാണ് 15 ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. നവംബര്‍ ആറിന് നടന്ന കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ മുറിയിലേക്കു വിളിച്ച് ഇയാള്‍ കടന്നുപിടിച്ചിരുന്നു.

കുതറിയോടിയ വിദ്യാര്‍ത്ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തായത്. അധ്യാപകന്‍ അപമര്യാദയായി പെരുമാറിയത് സ്‌കൂളില്‍ അറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് അധ്യാപികമാര്‍ അടങ്ങുന്ന ആന്റി ഹരാസ്‌മെന്റ് കമ്മിറ്റി മുമ്പാകെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കാന്‍ തയ്യാറായത്.

വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പാളിന് നല്‍കിയ പരാതിയും പോലീസിന് കൈമാറിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം അധ്യാപകനെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കേണ്ടിവരും. കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് സമരം നടത്തുമ്പോള്‍ നേതാവ് പീഢനക്കേസില്‍ കുടുങ്ങി അകത്താകുന്നത് ലീഗിന് കനത്ത തിരിച്ചടിയാകും.

muslim league

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര ജില്ലയിലെത്തും മുമ്പ് ജില്ലാ വൈസ് പ്രസിഡന്റ് പീഢനക്കേസില്‍ കുടുങ്ങിയത് പാര്‍ട്ടിക്ക് നാണക്കേടായിരിക്കുകയാണ്. പ്രശ്‌നം ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചു കഴിഞ്ഞു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനങ്ങളും നടത്തി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച് പഠിപ്പും മുടക്കിയിരുന്നു.

Top