ഈ ‘ബ്ലാക്ക് മെയില്‍’ ആരോപണത്തിനു പിന്നില്‍ എം.പി സ്ഥാനമോഹമോ . . . ?

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കാടടച്ച് വെടിവയ്ക്കരുത്. ആര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോഴും അത് വസ്തുതാപരമായിരിക്കണം. അതാണ് മാന്യത.

മന്ത്രി കെ.ടി.ജലീലിനെതിരെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ ഗുരുതരമാണ് ഇപ്പോള്‍ ഉന്നയിച്ച ആരോപണം.

ജലീലിനെതിരായ ആരോപണത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുന്നത് സി.പി.എമ്മും മുഖ്യമന്ത്രിയും ജലീലിന്റെ ബ്ലാക് മെയില്‍ ഭയന്നിട്ടാണെന്നാണ് ഫിറോസിന്റെ ആരോപണം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ കള്ളമായി മാത്രമേ ഈ ആരോപണത്തെ കാണാന്‍ പറ്റൂ. മറിച്ചാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത ഫിറോസിനുണ്ട്. വെറുതെ ഒരു പത്രസമ്മേളനം നടത്തി എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞ് മാധ്യമങ്ങള്‍ക്ക് വിഭവമൊരുക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. കയ്യില്‍ തെളിവുണ്ടെകില്‍ അതാണ് ആദ്യം പുറത്ത് വിടേണ്ടത്.അല്ലാതെ പുകമറ സൃഷ്ടിക്കുന്നത് ഹിഡന്‍ അജണ്ട മുന്‍ നിര്‍ത്തിയായേ കാണാന്‍ പറ്റൂ.

ജലീല്‍ എന്ന രാഷ്ട്രീയ നേതാവ് ഇപ്പോള്‍ നിലനില്‍ക്കുന്നത് തന്നെ സി.പി.എം എന്ന പാര്‍ട്ടിയുടെ പിന്‍ബലത്തിലാണ്. അല്ലാതെ ജലീലിന്റെ പിന്‍ബലത്തിലല്ല സി.പി.എമ്മും സര്‍ക്കാറും മുന്നോട്ട് പോകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ ജലീല്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ട ബാധ്യത ഇപ്പോള്‍ ഫിറോസിനുണ്ട്.

നിങ്ങള്‍ക്ക് ലഭിച്ച കൃത്യമായ ആ ബ്ലാക്ക് മെയില്‍ വിവരം ഉടന്‍ പുറത്തു വിട്ടില്ലെങ്കില്‍ നിങ്ങളും ബ്ലാക്ക് മെയിലിനു വിധേയനായി എന്ന് കരുതേണ്ടി വരും. അല്ലങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ തെറ്റായ ആരോപണം ഉന്നയിച്ചതിന് മാപ്പു പറയാന്‍ തയ്യാറാവണം.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി ജലീല്‍ അദ്ദേഹത്തിന്റെ ബന്ധു അദീപിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചിട്ടുണ്ടെങ്കില്‍ എന്തു കൊണ്ട് നിങ്ങള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല.

kt-jaleel

യൂത്ത് ലീഗിന് വിശ്വാസമില്ലാത്ത, ബ്ലാക്ക് മെയിലിങ്ങിന് വിധേയമായി എന്ന് നിങ്ങള്‍ തന്നെ ആരോപിക്കുന്ന മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലന്‍സ് തന്നെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ യുക്തി എന്താണ് ?

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ പോരാട്ടം തുടര്‍ന്നിരുന്നെങ്കില്‍ അന്വേഷണം നടന്നാലും ഇല്ലെങ്കിലും നിങ്ങളുടെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടില്ലായിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഇപ്പോള്‍ ഇങ്ങനെ പുകമറ സൃഷ്ടിക്കുന്നതിനെ സംശയത്തോടെ മാത്രമേ കാണാന്‍ പറ്റൂ.

മലപ്പുറം ജില്ലയിലെ ഏതെങ്കിലും ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജലീല്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ സ്ഥാനാര്‍ത്ഥി മോഹികളെ അസ്വസ്ഥമാക്കുന്നത് സ്വാഭാവികമാണ്. ഇക്കാര്യം മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതും നിങ്ങളുടെ ഈ നീക്കങ്ങള്‍ തന്നെയാണ്.

മന്ത്രി കെ.ടി ജലീലിനേയോ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളേയോ ഞങ്ങള്‍ ന്യായീകരിക്കുന്നില്ല. ചുവപ്പിന്റെ പിന്തുണ ഇല്ലങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ജലീല്‍ ഒന്നുമല്ല എന്ന് കൂടി ഓര്‍ക്കുക. മന്ത്രി പദവി സി.പി.എം ജലീലിന് നല്‍കിയപ്പോഴും പാര്‍ട്ടി അംഗത്വം ഇതുവരെ നല്‍കിയിട്ടില്ല. സി.പി.എം സ്വതന്ത്രനായി മുന്‍പ് മത്സരിച്ച് വിജയിച്ച് മന്ത്രിയും എം.പിയും ഒക്കെ ആയ ടി.കെ. ഹംസ ഇപ്പോള്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിപിഎമ്മിനും ജലീലിനും ഇടയില്‍ ഒരു അതിര്‍വരമ്പുണ്ട്.

സി.പി.എം അംഗമല്ലാത്ത ഒരു മന്ത്രി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും സി.പി.എമ്മിന്റെ അറിവോടെയാണ് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. എങ്കിലും ജലീലിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടക്കട്ടെ എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. അത് കേന്ദ്ര ഏജന്‍സി ആയാലും സംസ്ഥാന ഏജന്‍സി ആയാലും അന്വേഷണം നടക്കട്ടെ. അതുപോലെ തന്നെ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും മന്ത്രി ജലീല്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന ആരോപണവും അന്വേഷിക്കണം. ജലീലിനെതിരെ ഉന്നയിച്ച ആദ്യ ആരോപണത്തിനേക്കാള്‍ ഗുരുതരമാണ് ഈ ആരോപണം. അതിന് പിന്നിലെ എല്ലാ അജണ്ടകളും പുറത്ത് വരേണ്ടത് അനിവാര്യമാണ്.

political reporter

Top