ശബരിമല; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയാന്‍ മാറ്റിവെച്ചത്.

സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രൊസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്. സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുമുണ്ട് എന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പൊലീസ് എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം, ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ സിപിഎം കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

പൊതുപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന സ്ഥിതിവിശേഷമാണ് നടക്കുന്നതെന്നും നാണംകെട്ട നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെ ജയിലിലെത്തി കണ്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിയമ വ്യവസ്ഥയെ മാനിക്കുന്നവരാണ് ബിജെപി പ്രവര്‍ത്തകരെന്നും സുരേന്ദ്രന് വേണ്ടി നിയമ പോരാട്ടം നടത്തുമെന്നും ഇതിന് ഹൈക്കോടതിയില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top