ബംഗളൂരു മയക്കുമരുന്ന് കേസ് കേരളത്തില്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

k surendran

കൊല്ലം: ബംഗളൂരു മയക്കുമരുന്ന് കേസ് കേരളത്തില്‍ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലാണ് ഇതിന്റെ വില്‍പ്പന പ്രധാനമായും നടക്കുന്നതെന്നും ഇത് ഗൗരവമായ വിഷയമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തില്‍ കേസ് അന്വേഷിക്കാത്തതിനു കാരണം സി.പി.എം നേതാക്കളുടെ മക്കള്‍, മന്ത്രിമാരടക്കമുള്ളവരുടെ ബന്ധുക്കള്‍ അവരെല്ലാം ഈ കേസില്‍ ഉള്‍പ്പെട്ടത് കൊണ്ടാണ്. അതുകൊണ്ട് പിണറായി വിജയന് അങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയുന്ന വിഷയമല്ല ഇതെന്നും കേരളം ഇടപെടേണ്ട കാര്യമില്ലെന്ന് പറയാന്‍ പിണറായി വിജയന് അധികാരമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മലപ്പുറത്തും കാസര്‍കോടുമെല്ലാം മുസ്ലീം ലീഗുമായി അടവ് നയമുണ്ടാക്കിയത് സി.പി.എം ആണ്. എത്ര പഞ്ചായത്താണ് ഇവര്‍ രണ്ട് പേരും ചേര്‍ന്ന് ഭരിക്കുന്നത്. ബി.ജെ.പിയുടെ കയ്യിലുണ്ടായിരുന്ന കാസര്‍കോട്ടെ മൂന്ന് പഞ്ചായത്തുകള്‍ തട്ടിയെടുത്തത് രണ്ട് പേരും ഒരുമിച്ച് നിന്ന് കൊണ്ടാണ്. മലപ്പുറത്ത് സാമ്പാര്‍ മുന്നണിയുണ്ടാക്കി. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞ് മുഖ്യമന്ത്രി നാണം കെടരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഡിജിറ്റല്‍ ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞ മുപ്പത് ഒപ്പിട്ട ഫയലുകളും സന്ദീപ് വാര്യര്‍ പറഞ്ഞ ഫയലും ഒരുമിച്ച് കാണിക്കാന്‍ ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു

Top