കേരളത്തിൽ മുന്നേറ്റം നടത്തിയാൽ സുരേന്ദ്രന് ഡൽഹിയിൽ ‘സിംഹാസനം’

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനം. നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ കൂടുതല്‍ മന്ത്രിസ്ഥാനമാണ് കേന്ദ്ര വാഗ്ദാനം. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലും കേരള നേതാക്കളെ കൂടുതലായി പരിഗണിക്കും. നിലവില്‍ എ.പി അബ്ദുള്ളക്കുട്ടി മാത്രമാണ് കേന്ദ്ര ഭാരവാഹിത്വത്തിലുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലും പാര്‍ട്ടിയിലും പുനസംഘടന നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അസമില്‍ ഭരണം നിലനിര്‍ത്തുകയും പുതുച്ചേരിയിലെ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്നതുമാണ് ബി.ജെ.പി അവകാശവാദം.

പശ്ചിമ ബംഗാളിലും കാവി പടക്ക് പ്രതീക്ഷയുണ്ടെങ്കിലും ഇടതുപക്ഷ മഹാസഖ്യം നടത്തിയ റാലി തൃണമൂലിനെ പോലെ തന്നെ ബി.ജെ.പിയെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളാണ് റാലിയില്‍ അണിനിരന്നിരുന്നത്. തമിഴകത്ത് അണ്ണാ ഡി.എം.കെ – ബി.ജെ.പി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചില്ലങ്കില്‍ പോലും പ്രതിപക്ഷത്തെ പിളര്‍ത്തി സര്‍ക്കാറുണ്ടാക്കാം എന്നതാണ് കാവി പടയുടെ കണക്കു കൂട്ടല്‍. കേരളത്തില്‍ 10 സീറ്റുകള്‍ പിടിച്ചെടുക്കാനാണ് പദ്ധതി. മഞ്ചേശ്വരം, കാസര്‍ഗോഡ്, കോഴിക്കോട് നോര്‍ത്ത്, പാലക്കാട്, മലമ്പുഴ, തൃശൂര്‍, മണലൂര്‍, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, കോന്നി, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈന്ദവ വോട്ടുകള്‍ക്ക് പുറമെ ക്രൈസ്തവ വോട്ടുകള്‍ കൂടി ലക്ഷ്യമിടുന്ന തരത്തിലാണ് ബി.ജെ.പി പ്രചരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയില്‍ തന്നെ ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ചര്‍ച്ചകളും തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനമായ പിഒസിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞുവെങ്കിലും ലക്ഷ്യം വോട്ട് തന്നെയാണെന്നത് വ്യക്തമാണ്. ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ചെല്ലാനത്താണ് എത്തിയത്. തീരദേശത്ത് കടല്‍ കയറ്റം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരെ സന്ദര്‍ശിക്കുക ലക്ഷ്യമിട്ടായിരുന്നു ഈ യാത്ര.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ അപ്രതീക്ഷിത സ്ഥാനര്‍ഥികളെ നിര്‍ത്തുമെന്നും ഇതിനകം തന്നെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്തു കൂടി എറണാകുളത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതിനകം തന്നെ ഇരുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടങ്ങളില്‍ ഇനി പ്രഖ്യാപനത്തിന്റെ ആവശ്യം മാത്രമേയൊള്ളൂ. മെട്രോമാന്‍ ഇ ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീധരന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും തട്ടകം സ്വന്തം നാട്ടിലാകണമെന്നാണ് അദ്ദേഹത്തിന്റെ താത്പര്യം. പൊന്നാനി ആയിരുന്നു ശ്രീധരന്റെ ഫസ്റ്റ് ചോയ്‌സ്. അതല്ലെങ്കില്‍ ബി.ജെ.പി ശക്തികേന്ദ്രമായ ഷൊര്‍ണൂരില്‍ ഒരു കൈ നോക്കാം എന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ പാലക്കാട്ടെ ബിജെപിക്ക് അദ്ദേഹത്തെ പാലക്കാട്ട് മത്സരിപ്പിക്കാനായിരുന്നു താത്പര്യം. നിര്‍ബന്ധം കാരണം ശ്രീധരന്‍ അര്‍ദ്ധസമ്മതം മൂളിയതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഈ നിര്‍ദ്ദേശമെല്ലാം തള്ളിക്കളയുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രമം അദ്ദേഹത്തെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കണമെന്നത് തന്നെയാണ്. കൊച്ചി മെട്രോയുടെയും പാലാരിവട്ടം പാലത്തിന്റെയും പേരില്‍ ശ്രീധരനുള്ള സല്‍പ്പേര് കൂടുതല്‍ പ്രയോജനപ്പെടുക എറണാകുളം മേഖലയിലായിരിക്കും എന്നതാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ബി.ജെ.പിക്ക് തൃപ്പൂണിത്തുറയില്‍ മുപ്പതിനായിരത്തോളം വോട്ടുണ്ടെന്നിരിക്കെ ശ്രീധരന്റെ ഇമേജ് കൂടിയാകുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലധികം വോട്ടു നേടിയ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപി കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറാകുന്നില്ലന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഇത്തവണ മത്സരത്തിനില്ലന്ന് അറിയിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം കൂടുകയാണെങ്കില്‍ കോട്ടയം ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സാദ്ധ്യതയുള്ള കാഞ്ഞിരപ്പള്ളിയിലാവും അദ്ദേഹം കളത്തിലിറങ്ങുക. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം. കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ മുരളീധരനു കഴിഞ്ഞിരുന്നു.

ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിക്കാനാണ് സാധ്യത. ബി.ജെ.പിയില്‍ ഇതുവരെ ഔപചാരികമായി ചേര്‍ന്നിട്ടില്ലാത്ത മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ വര്‍ക്കലയില്‍ മത്സരിപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് നല്‍കിയ ഈ സീറ്റ് ഇക്കുറി തിരികെ വാങ്ങാനാണ് ബി.ജെ.പിയുടെ തീരുമാനം. ബി.ഡി.ജെ.എസ് വഴങ്ങിയില്ലെങ്കില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലോ ചാലക്കുടിയിലോ അദ്ദേഹത്തെ മത്സരിപ്പിച്ചേക്കും. വിലപേശാനുള്ള ശേഷി നഷ്ടമായതിനാല്‍ ബി.ഡി.ജെ.എസിന് ഇത്തവണ ബി.ജെ.പി നല്‍കുന്ന സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ ഇത്തവണ കരുനാഗപ്പള്ളിയില്‍ നിന്നു മത്സരിക്കുമെന്നാണ് സൂചന.

നേമത്ത് ഇത്തവണ ഒ.രാജഗോപാലിനു പകരം കുമ്മനം രാജശേഖരന്‍ മത്സരിക്കും. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസിനെ പരിഗണിക്കുന്നത് കാട്ടാക്കടയിലേക്കാണ്. ബി.ജെ.പിയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു വേണ്ടി വിവിധ ജില്ലാ കമ്മിറ്റികള്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, പുതുക്കാട്, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ നിന്നാണ് സുരേന്ദ്രനു വേണ്ടി ശബ്ദമുയരുന്നത്. സുരേന്ദ്രന്‍ മത്സരിക്കുമെന്ന കാര്യത്തില്‍ പോലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.സുധീര്‍ ആറ്റിങ്ങലും സി.കൃഷ്ണകുമാര്‍ മലമ്പുഴയിലും എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ മണലൂരിലും യുവമോര്‍ച്ച പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ കൊയിലാണ്ടിയിലുമാണ് ജനവിധി തേടുക. സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് വഴി ബി.ജെ.പിയിലെത്തിയ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി കുന്നമംഗലത്തു നിന്നും മത്സരിക്കാനാണ് സാധ്യത.

പത്ത് സീറ്റുകള്‍ ലക്ഷ്യമിട്ട് 5 സീറ്റെങ്കിലും നേടാനാണ് ബി.ജെ.പി കിണഞ്ഞ് ശ്രമിക്കുന്നത്. ത്രിശങ്കു സഭയാണ് കാവിപ്പട ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വന്‍ കേന്ദ്ര മന്ത്രിപ്പടയെയാണ് പ്രചരണത്തിനായി ബി.ജെ.പി നിയോഗിച്ചിരിക്കുന്നത്. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

Top