സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍

കാസര്‍കോട്:ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇസ്രേയല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്‌നത്തെ സംസ്ഥാനത്ത് വര്‍ഗീയ വേര്‍തിരിവിനായി ഉപയോഗിക്കുകയാണ്. ഇത്തരമൊരു വര്‍ഗീയ വേര്‍തിരിവിനാണ് സിപിഎം നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയാണ് വളരെ അപകടകരമായ നീക്കം സിപിഎം നടത്തുന്നത്.തെരഞ്ഞെടുപ്പ് മുന്‍പുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്നും വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും എന്‍.ഡി. എ യില്‍ പ്രശ്‌നങ്ങളില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നാളെ എന്‍.ഡി.എ ഘടക കക്ഷി യോഗം ചേരും. നാളത്തെ ഘടക കക്ഷി യോഗത്തില്‍ സീറ്റ് ചര്‍ച്ചയില്‍ ധാരണയാകും. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റി എടുക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. ക്രെഡിറ്റ് എടുക്കാന്‍ രണ്ട് പേര്‍ക്കും അവകാശമില്ല . പദ്ധതി യാഥാര്‍ഥ്യമായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാ ശക്തികൊണ്ടാണെന്നും ഇപ്പോഴും അവിടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും ആശങ്കകള്‍ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

Top