ഭരണപക്ഷവും പ്രതിപക്ഷവും കൂടി ചേര്‍ന്ന് ഗവര്‍ണറെ ആക്ഷേപിക്കുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്ഷേപിക്കുന്നുവെന്ന ആരോപണവുമായി ബിജെപി. സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

സര്‍വകലാശാലകളെ മുഴുവന്‍ സി പി ഐ എമ്മിന്റെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ ഇടപെട്ടത്. പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ആജീവനാന്ത പെന്‍ഷന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുകയാണ്. ഇത് ചോദ്യം ചെയ്യാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. ജ്യോതിലാലിനെ മാറ്റേണ്ടി വന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായി എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണവേ പറഞ്ഞു.

സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് ഗവര്‍ണര്‍ രംഗത്തെത്തിയപ്പോള്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നയപ്രഖ്യാപനം നടത്താനെത്തിയപ്പോള്‍ സതീശനും കൂട്ടരും പുറത്തിറങ്ങിപോകുകയായിരുന്നു. ഇതെന്ത് തരം രാഷ്ട്രീയമാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

 

 

Top