നികുതിദായകരുടെ കണക്കില്‍ നോട്ടുനിരോധനത്തിന് ശേഷം വര്‍ദ്ധനവുണ്ടായെന്ന് കെ.സുരേന്ദ്രന്‍

K Surendran

കൊച്ചി: കള്ളപ്പണക്കാരെ സഹായിക്കുന്നവരാണ് നോട്ടുനിരോധനം പരാജയപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. രാജ്യത്ത് കണക്കില്‍പെടാതെ സൂക്ഷിച്ചിരുന്ന പണമെല്ലാം അക്കൗണ്ടിലായി എന്നതാണ് നോട്ടുനിരോധനത്തിന്റെ സവിശേഷതയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം തിരിച്ചെത്തിയില്ലെന്ന ആരോപണം ആസൂത്രിതമാണെന്നും, റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയതില്‍ നല്ലൊരു ശതമാനം കള്ളപ്പണമാണെന്നും, കള്ളപ്പണക്കാര്‍ക്ക് പിഴയടക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു, നികുതിദായകരുടെ കണക്കില്‍ നോട്ടുനിരോധനത്തിന് ശേഷം വര്‍ദ്ധനവുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

മാത്രമല്ല, മൂന്ന് ലക്ഷം കോടി തിരിച്ചുവരുമെന്ന തന്റെ പ്രസ്താവന വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും, കായുള്ള മാവിനല്ലേ കല്ലെറിയുകയുള്ളൂ. ആശയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സാധിക്കാത്തതിനാലാണ് ട്രോളുകള്‍ ഇറക്കുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മൂന്ന് ലക്ഷം കോടിയിലേറെ രൂപ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തില്ലെന്ന് നോട്ടുനിരോധനത്തിന് പിന്നാലെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രനെതിരെ ട്രോളുകള്‍ പ്രവഹിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറുപടിയുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്.

Top