‘സി.പി.എമ്മിന്റെ തന്ത്രമാണ് ഈ മലക്കംമറിച്ചില്‍, ശരിക്കും അവര്‍ ഇരട്ടക്കുട്ടിളാണ്’; കെ. സുരേന്ദ്രന്‍

കോഴിക്കോട്: മുസ്ലീം തീവ്രവാദികളും സി.പി.എമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയാണെന്ന പരാമര്‍ശവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. യുഎപിഎ കേസില്‍ സി.പി.എം നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ അതിനെ മറയ്ക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണ് ഇപ്പോഴത്തെ മലക്കംമറിച്ചില്‍ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ജനങ്ങളെ കബിളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തീവ്രവാദികളോട് സിപിഎമ്മിന് മൃദു സമീപനമാണ് അതിനുള്ള തെളിവാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാതിരുന്നത്. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ആ കേസ് അട്ടിമറിക്കപ്പെട്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം – എസ്.ഡി.പി.ഐ സഖ്യം പലയിടത്തുമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ബിനു, ഷിബിന്‍ കൊലപാതകക്കേസുകള്‍ അട്ടിമറിക്കപ്പെട്ടത് ഇരുപാര്‍ട്ടികളുടെയും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെന്നും പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നും പി.മോഹനന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ താന്‍ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനെയാണ് ഉദ്ദേശിച്ചതെന്നും മോഹനന്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ മോഹനന് പിന്തുണയുമായി പി ജയരാജനും രംഗത്തെത്തി.

Top