ഗ്രൂപ്പിസമല്ല, കുമ്മനം മത്സരിക്കാത്തതിന് പിന്നില്‍ അതിന്റേതായ സാഹചര്യങ്ങളുണ്ട്: കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ബിജെപിയിലെ ഗ്രൂപ്പിസമാണ് കുമ്മനം രാജശേഖരന് സീറ്റ് നിഷേധിച്ചതിന് പിന്നിലെന്ന ആരോപണം ശരിയല്ലെന്ന് കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. സുരേന്ദ്രന്‍.സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഏകകണ്ഠമായി നിര്‍ദേശിച്ച പേരായിരുന്നു കുമ്മനത്തിന്റേതെന്നും എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ യുവ സ്ഥാനാര്‍ഥി മത്സരിക്കുന്നതില്‍ അതിന്റേതായ സാഹചര്യങ്ങളുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇഞ്ചോടിഞ്ച് മത്സരമാണ് കോന്നിയില്‍ പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ തനിക്ക് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കോന്നി മണ്ഡലത്തില്‍ മൂന്നു മുന്നണികള്‍ക്കും ലഭിച്ച വോട്ടുനില ഏകദേശം തുല്യമായിരുന്നുവെന്നും ഈ തിരഞ്ഞെടുപ്പില്‍ അനുകൂലനിലയാണുള്ളതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

തികച്ചും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണകള്‍ പരത്തിയതു കൊണ്ടാണ് പരാജയം നേരിടേണ്ടി വന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാവില്ല എന്ന പ്രചാരണം എന്‍ഡിഎയ്ക്ക് പ്രതികൂലമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ ആയിരുന്നു വിജയിപ്പിക്കേണ്ടിയിരുന്നത് എന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top