ധനമന്ത്രിയുടേത് താത്വികമായ വിവരക്കേട്, ശക്തമായ ജനരോഷം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ ആനുപാതികമായി കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചതാണെന്ന മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മണ്ടത്തരം സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ലെന്ന് കെ സുരേന്ദ്രന്‍.

തന്റെ മുന്‍ഗാമിയായ തോമസ് ഐസക്കിനെ പോലെ താത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നത്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വരുന്ന ഭീമന്‍ നികുതിയാണ് സംസ്ഥാനം ജനങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്. ഇതില്‍ കുറവുവരുത്തി മറ്റു വരുമാന മാര്‍ഗം കണ്ടെത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, തന്റെ കഴിവില്ലായ്മ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാമെന്ന് ബാലഗോപാല്‍ കരുതരുത്. ധൂര്‍ത്തിന് വേണ്ടി പാവങ്ങളെ കൊള്ള ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാര്‍ഗം കണ്ടെത്താന്‍ ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കില്‍ ശക്തമായ ജനരോഷം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top