ബിജെപി നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം; രാജിവെക്കണമെന്ന് ഒരു വിഭാഗം

തിരുവനന്തപുരം: ബി.ജെ.പി. നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വന്നു. പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്നും കനത്ത പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക വിനിമയത്തെ കുറിച്ചുള്ള കണക്കു വെളിപ്പെടുത്താന്‍ സുരേന്ദ്രനെ കൃഷ്ണദാസ് ശോഭ പക്ഷങ്ങള്‍ വെല്ലുവിളിച്ചു. സുരേന്ദ്രനും മുരളീധരനും ജയ് വിളിക്കുന്നവരെ മാത്രമാണ് പാര്‍ട്ടിക്ക് ആവശ്യമെങ്കില്‍ രാജിവെച്ച് മാറി നില്‍ക്കാമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിയെ അടിത്തട്ടുമുതല്‍ അഴിച്ച് പണിയുമെന്നും അച്ചടക്കം ഉറപ്പാക്കുമെന്നും സുരേന്ദ്രന്‍ കാസര്‍കോട്ടെ യോഗത്തിന് ശേഷം പറഞ്ഞു. പാര്‍ട്ടിയെ താഴെത്തട്ട് മുതല്‍ അഴിച്ച് പണിയുമെന്നും സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന അഞ്ച് സമിതികള്‍ എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന ബിജെപിയുടെ വളര്‍ച്ച മുരടിച്ച അവസ്ഥയാണിപ്പോള്‍. നേതൃമാറ്റം അനിവാര്യമാണ്. കുഴല്‍പ്പണ കോഴക്കേസുകളടക്കം വിവാദങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി സംഘടിപ്പിച്ച പരിപാടികളില്‍ ആള് കുറഞ്ഞത് നേതൃത്വത്തോട് പ്രവര്‍ത്തകര്‍ക്കുള്ള രോഷം കൊണ്ടാണ്. പുനസംഘടനയില്ലാതെ മുന്നോട്ട് പോയാല്‍ കേരളത്തില്‍ ഭാവിയുണ്ടാകില്ലെന്നും സുരേന്ദ്ര വിരുദ്ധ പക്ഷം യോഗത്തില്‍ പറഞ്ഞു.

Top