അയ്യപ്പഭക്തരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പക തുടരുകയാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: അയ്യപ്പഭക്തരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പക തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് കാരണം നരകയാതനയാണ് തീര്‍ത്ഥാടകര്‍ക്ക് സഹിക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സംവിധാനവും ശബരിമലയില്‍ ഇല്ല. കുഞ്ഞു മാളികപ്പുറം അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത് ഏറെ സങ്കടപ്പെടുത്തുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്വാമിമാരോട് പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സ്വാമിമാരോട് വളരെ മോശമായാണ് പലപ്പോഴും പൊലീസ് പെരുമാറുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിശ്രമകേന്ദ്രങ്ങളോ ആരോഗ്യ സംവിധാനങ്ങളോ ഒന്നുമില്ലാത്ത അവസ്ഥയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കാണിക്ക വഞ്ചിയില്‍ മാത്രമാണ് കണ്ണ്. ദേവസ്വം ബോര്‍ഡ് അയ്യപ്പന്‍മാരോടുള്ള ഉത്തരവാദിത്തം നിറവേറ്റണം. ആചാരലംഘനം നടത്തി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം അയ്യപ്പഭക്തര്‍ പരാജയപ്പെടുത്തിയതാണ് പിണറായി സര്‍ക്കാരിന്റെ പകയ്ക്ക് കാരണമെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ആവശ്യമായ ഒരു മുന്നൊരുക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു. പമ്പ മുതല്‍ സന്നിധാനം വരെ ഞെങ്ങി ഞെരുങ്ങിയാണ് ഭക്തര്‍ കടന്നുപോകുന്നത്. കുടിവെള്ളം പോലും അയ്യപ്പന്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള സംവിധാനം അധികൃതര്‍ ഒരുക്കിയിട്ടില്ല. മാളികപ്പുറങ്ങള്‍ക്ക് ശുചിമുറിയോ വസ്ത്രം മാറാനുള്ള കേന്ദ്രങ്ങളോ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല. കോടികള്‍ വരുമാനം വരുന്ന ശബരിമലയെ അവഗണിക്കുന്നതിന് പിന്നില്‍ പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യമാണെന്ന് വ്യക്തമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആരോപിച്ചു.

Top