തനിക്കെതിരെയുള്ള പോലീസ് നടപടി ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ

ചിറ്റാർ: തനിക്കെതിരെയുള്ള പോലീസ് നടപടി ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ. സഞ്ചാരസ്വാതന്ത്ര്യം തടയാൻ സർക്കാരിന് ആര് അധികാരം കൊടുത്തു. സമാധാനപരമായി പോയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

‘വെടിവച്ച് കൊന്നോളു എന്നാലും ശബരിമലയിൽ എത്തുക തന്നെ ചെയ്യും. പൗരനെന്ന നിലയിൽ എന്റെ അവകാശമാണത്. വെടിവെച്ചോളു, പക്ഷേ ഇരുമുടിയിൽ കൊള്ളരുത്. അത് ‌ഞങ്ങടെ ജീവനാണ്’ -സുരേന്ദ്രൻ പറഞ്ഞു.

അതെസമയം കെ സുരേന്ദ്രനെതിരെ 153-ാം വകുപ്പ് ചുമത്താനാണ് നീക്കം. വർഗീയ കലാപത്തിന് മനപൂർവ്വം ശ്രമിച്ചു എന്ന കുറ്റം ചുമത്തി റിമാൻഡ് ചെയ്യുകയാണ് ലക്ഷ്യം.

സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും അക്രമാസക്തമായിരുന്നു. പ്രവര്‍ത്തകര്‍ അക്രമസക്തരായതോടെ പൊലീസ് ലാത്തി വീശി. ജല പീരങ്കിയും പ്രയോഗിച്ചു. സംസ്ഥാന വ്യാപകമായി ഞായറാഴ്ച പ്രതിഷേധദിനം നടത്തുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

സന്നിധാനത്തേക്ക് പുറപ്പെട്ട കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ.സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു.

അതേസമയം പൊലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി അഭ്യര്‍ഥിച്ചു. അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടില്‍ കെ.സുരേന്ദ്രന്‍ തുടര്‍ന്നു. സ്ഥലത്തേയ്ക്ക് കൂടുതല്‍ പൊലീസുദ്യോഗസ്ഥരെത്തി. തുടര്‍ന്ന് സ്ഥലത്ത് വാക്കുതര്‍ക്കമായി. മൂന്ന് തവണ പൊലീസ് വിലക്ക് ലംഘിച്ച് സുരേന്ദ്രന്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചു.

അരമണിക്കൂറോളം നീണ്ട വാക്കുതര്‍ക്കത്തിന് ശേഷമാണ് സുരേന്ദ്രനെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തത്.

Top