കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എ.സി മൊയ്തീന്‍ ഇഡിക്ക് മുമ്പില്‍ ഹാജരാകാതിരുന്നത് സിപിഎം നിര്‍ദ്ദേശത്തിനെ തുടര്‍ന്നാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശന്‍. ഉന്നതര്‍ കുടുങ്ങുമെന്ന് മനസിലാതു കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍.

ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന സിപിഐ ബോര്‍ഡ് മെമ്പറുടെ വെളിപ്പെടുത്തല്‍ ഇതിന് അടിവരയിടുന്നതാണ്. പാവപ്പെട്ടവരുടെ പണമാണ് സിപിഎം നേതാക്കള്‍ കൊള്ളയടിച്ചിരിക്കുന്നത്. സഹകരണമേഖലയെ തകര്‍ത്ത് കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇഡിക്കെതിരെ സിപിഎം സമരം ചെയ്യുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ്. കോണ്‍ഗ്രസും സിപിഎമ്മും സഹകരണ അഴിമതിയിലും പരസ്പരം സഹകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടന്ന അഴിമതിക്കെതിരെ രണ്ട് ജില്ലകളില്‍ ബിജെപി സഹകരണ അദാലത്ത് നടത്തി കഴിഞ്ഞു. മറ്റ് ജില്ലകളിലും ബിജെപി സഹകരണ അദാലത്തുകള്‍ സംഘടിപ്പിക്കും. പണം നഷ്ടമായവര്‍ക്ക് നീതി ലഭിക്കും വരെ ബിജെപി പോരാടും. അഴിമതിക്കാരെ തുറങ്കിലടയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top