യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കേസ് അട്ടിമറിക്കാന്‍ സിപിഎം,കോണ്‍ഗ്രസ് ശ്രമം: കെ സുരേന്ദ്രന്‍

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കേസ് അട്ടിമറിക്കാന്‍ സിപിഎം കോണ്‍ഗ്രസ് ശ്രമമെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.വിഡി സതീശനും പിണറായി വിജയനും തമ്മില്‍ അന്തര്‍ധാര ഉണ്ടെന്ന് വ്യക്തം.പോലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കും.എല്ലാ തെളിവുകളും ഉണ്ടായിട്ടും പ്രതികള്‍ ജാമ്യത്തില്‍ പോയത് പ്രോസിക്യൂഷന്റെ വീഴ്ചയാണ്.വ്യാജ പ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടി ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചതും ആശങ്ക കൂട്ടുകയാണ്. കസ്റ്റഡിയിലെടുക്കുന്നവരുടെ എണ്ണം കൂടുമെന്നായതോടെ പത്തനംതിട്ടിയിലെ കൂടുതല്‍ യൂത്തുകോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലാണ്

ചാനല്‍ ചര്‍ച്ചകളിലെ പാര്‍ട്ടിയുടെ മുഖം, സമൂഹമാധ്യമങ്ങളിലെ തീപ്പൊരി..രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്ത് വരുന്നതോടെ പ്രതിപക്ഷ പ്രവര്‍ത്തനത്തിന് തന്നെ പുതിയ മുഖം കൈവരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പക്ഷേ അധ്യക്ഷനായി ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ ദിവസം തന്നെ സന്തതസഹചാരികളായ മൂന്ന് ജില്ലാനേതാക്കള്‍ കസ്റ്റഡിയിലായി. അന്വേഷണം സംസ്ഥാന പ്രസിഡന്റിനെ ചുറ്റിപ്പറ്റിയും. പത്തനംതിട്ടയില്‍ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ നിര്‍മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത കൂടുതല്‍ പ്രാദേശിക നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നത്. ശനിയാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിനോട് ഹാജരാകാനായി അന്വേഷണസംഘം ആവശ്യപ്പെട്ടിരികക്കുന്നത്. അറസ്റ്റുണ്ടാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതിനും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പരിമിതികളുണ്ട്.

Top