എംഎം മണിക്ക് ദക്ഷിണാഫ്രിക്കയിലടക്കം നിക്ഷേപമുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുന്‍ മന്ത്രി എംഎം മണിക്ക് ദക്ഷിണാഫ്രിക്കയിലടക്കം നിക്ഷേപമുണ്ടെന്നും എംഎം മണിക്കും സഹോദരനും ശതകോടിയിലധികം ആസ്തിയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

കെഎസ്ഇബി സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും സര്‍ക്കാര്‍ ഖജനാവിന് വലിയ നഷ്ടം ഉണ്ടായ നടപടികളാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയു ആണ് ഭരണം നടത്തുന്നതെന്നും പറഞ്ഞു.

ബിജെപിക്ക് ഇത്തവണ 22 വനിതാ മണ്ഡലം പ്രസിഡന്റുമാരുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയില്‍ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയര്‍മാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്ന് എം.എം. മണി പറഞ്ഞു.

നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണന്‍ കുട്ടി ചെയര്‍മാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. നാലരവര്‍ഷമാണ് ഞാന്‍ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവര്‍ണ കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top