കോവിഡ് അവസാനിച്ച് അടുത്തെങ്ങും തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവസാനിച്ചതിനു ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോവിഡ് അവസാനിച്ചതിന് ശേഷം സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാന്‍ സാധ്യതയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്താമെന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കുറയുമെന്നും എന്താണ് ഉറപ്പുള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഇപ്പോള്‍ തന്നെ പഞ്ചായത്തുകളുടെ വികസനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ട് യുഡിഎഫും എല്‍ഡിഎഫും പുറത്തൊരു ധാരണയിലെത്തിയ ശേഷമാണ് സര്‍വകക്ഷിയോഗത്തിനെത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. യുഡിഎഫിലും തമ്മിലടിയും ബഹളങ്ങളുമൊക്കെയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റാമെന്ന നിലയാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിന് ബിജെപി സജ്ജമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top