സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ അതിര്‍ത്തിയില്‍ ചൈനീസ് നീക്കം നടക്കുമ്പോള്‍ സിപിഎം ചൈനക്കൊപ്പം നില്‍ക്കുന്നത് ഗൗരവതരമായ കാര്യമാണ്.

അവര്‍ സ്വീകരിച്ചുവരുന്ന തുടര്‍ച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശം. ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുന്നത് തികച്ചും ദേശവിരുദ്ധമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയ്‌ക്കെതിരായ സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി സിപിഎം മാറി. കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നാണ് സിപിഎം പറയുന്നത്. രാജ്യത്തെ എല്ലാ വിധ്വംസന പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. സിപിഎം പച്ചയായ രാജ്യദ്രോഹ പാര്‍ട്ടിയാണെന്നും ഇന്ത്യയോടല്ല ചൈനയോടാണ് അവര്‍ക്ക് കൂറെന്നും സുരേന്ദ്രന്‍ പറഞ്ഞു.

റിപ്പബ്ലിക്ക് ഡേ പരേഡില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്ലോട്ട് ഒഴിവാക്കിയെന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവാരമില്ലാത്തതിനാലാണ് കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡില്‍ അനുവദിക്കാത്തത്. കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തതാണ് കൊണ്ടാണ് അവസരം ലഭിക്കാത്തത്.

ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോള്‍ ഗുരുദേവന്റെ വക്താക്കളാവുന്നത്. ഗുരുവിനെ ഏറ്റവും കൂടുതല്‍ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം. ഗുരുദേവ ദര്‍ശനങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗുരുദേവന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

Top